Monday, January 7, 2013

ഞങ്ങളും അന്നയും റസൂലും നിങ്ങളും

അതി സുന്ദരങ്ങളായ അനേകം ഫ്രെയിമുകള്‍. അഭിനയമെന്നു തോന്നിപ്പിക്കാത്ത, ജീവിതത്തിലേതെന്നതുപോല്‍ അനായാസമായി രേഖപ്പെടുത്തപ്പെട്ട മുഹൂര്‍ത്തങ്ങള്‍. നുരയും പതയുമല്ലാതെ എരിവും പുളിയും ഉപ്പും ചവര്‍പ്പുമുള്ള ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. കയ്യടക്കത്തോടെ ഛായാഗ്രഹണവും സം‌വിധാനവും ചെയ്യപ്പെട്ട ഒരു സിനിമ. ഒട്ടും മുഷിപ്പിക്കാത്ത, ദൈര്‍ഘ്യമേറിയതെന്ന് സിനിമ തീര്‍ന്ന് വാച്ചുനോക്കുമ്പോള്‍ മാത്രം വെളിപ്പെടുന്ന, ഊറിച്ചിരിക്കും പൊട്ടിച്ചിരികള്‍ക്കുമിടയില്‍ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പെട്ടുപോകലുകളുടെയും കഥ ഹൃദ്യമായി പറഞ്ഞിരിക്കുന്ന, ഒരു നല്ല സിനിമാനുഭവം. സിനിമയെന്നത് കാഴ്ചയോ അതിലുപരി അനുഭവങ്ങളിലൂടെയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ  സഞ്ചാരമോ ആണെങ്കില്‍, രാജീവ് രവിയുടെ അന്നയും റസൂലും നിങ്ങള്‍ക്കുള്ളതാണ്.


കിറുകൃത്യമായ കാസ്റ്റിങ്ങ്. ഒഴുക്കുള്ള, തെളിമയുള്ള, ആര്‍ജ്ജവമായ, അതിഭാവുകത്വമില്ലാത്ത അഭിനയം. സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ഫഹദ് ഫാസില്‍, ഇതുവരെയുള്ള മലയാളസിനിമയിലെ, ഏറ്റവും സ്വാഭാവികതയുള്ളൊരു കാമുകനാവുന്നു. ആകസ്മികമായ കണ്ടുമുട്ടല്‍, ആദ്യ നോട്ടത്തില്‍ നെഞ്ചിലുടക്കുന്ന അനുരാഗത്തിന്റെ കൊളുത്ത്, അടുക്കാനുള്ള വെമ്പല്‍, അടുത്തു കിട്ടുമ്പോള്‍ വിയര്‍പ്പുപൊടിയുന്ന വിറയല്‍, വിവശമായ രാപ്പകലുകള്‍, ഏകാഗ്ര ധ്യാനം പോലെ സിരയില്‍ ഉറയുന്ന, സര്‍‌വ്വവും വിസ്മരിപ്പിക്കുന്ന പ്രണയം. സൂക്ഷ്മമായ മാനറിസങ്ങളിലൂടെ, വഴുക്കല്‍ പിടിച്ച മലയാള മെലോഡ്രാമയില്‍ തെന്നിവീഴാതെ,  തന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷം ഫഹദ് ചെയ്തിരിക്കുന്നു.


വാരി വലച്ചലയ്ക്കുന്ന സംഭാഷണങ്ങളില്ലാതെ മിക്കവാറും മൗനത്തിലുറഞ്ഞ് പ്രണയമേറ്റുവാങ്ങുന്ന അന്ന.  മൗനത്തിനും ആംഗ്യത്തിനുമിടയില്‍ വാചാലമാവുന്ന അര്‍ത്ഥ തലങ്ങള്‍.

പ്രണയം മാത്രമല്ല, ജീവിതം കരുപ്പിടിക്കുന്നതിനിടയില്‍ ഊരാക്കുടുക്കുകളില്‍‌പ്പെട്ട് ജ്വലിച്ചൊടുങ്ങുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യൗവനങ്ങള്‍, കെട്ടുകളില്ലാത്ത സൗഹൃദം, പക, ആവേശങ്ങളുടെ നിരര്‍ത്ഥകത; കൊച്ചിയിലും വൈപ്പിനിലും മട്ടാഞ്ചേരിയിലും മാത്രമല്ല ഇതു നടക്കുക. അഭിനയിച്ചതില്‍ ആഷിക് അബു, രഞ്ജിത് എന്നിവരടക്കമുള്ള സം‌വിധായകരായാലും, സണ്ണി വെയ്ന്‍ അടക്കമുള്ള  മറ്റു നടീനടന്മാരായാലും നാട്ടുകാരായാലും സ്വാഭാവികമായ ചുറ്റുപാടുകളില്‍ അതിനനുസരിച്ച് പെരുമാറുന്നുവെന്നേ കാഴ്ചക്കാരനു തോന്നൂ. അതിനുള്ള സ്വാതന്ത്ര്യമോ സാഹചര്യമോ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായിരുന്നിരിക്കണം.


ജീനിയസ്സായ ജോണ്‍ അബ്രഹാമിന്റെ കാസ്റ്റിങ്ങില്‍ പ്രഥമസ്ഥാനത്തെത്തിയിട്ടും, നായക വേഷം ചെയ്തിട്ടും, സിനിമയില്‍ സജീവമാവാതിരുന്ന ജോയ് മാത്യു, 'അമ്മ അറിയാന്‍' സില്‍‌വര്‍ ജൂബിലി തികയ്ക്കുന്ന സമയത്ത് തന്റെ രണ്ടാമത്തെ വേഷം ചെയ്തിരിക്കുന്നത് അന്നയുടെ മൂകനായ അച്ഛനായിട്ടാണെന്നത് യാദൃശ്ചികമാണോ?  ഇരുട്ടില്‍ ഇടവഴിയിലൂടെ പാത്തു വരുന്ന റസൂലിന്റെ മുന്‍പില്‍ ഗെയിറ്റ് പിടിച്ചുള്ള നില്‍പ്പില്‍ തുടങ്ങി,  സംഭാഷണങ്ങളില്ലെങ്കില്‍ത്തന്നെയും തുടര്‍ന്നു വരുന്ന ഏതാനും സീനുകള്‍കൊണ്ട്   ശക്തമായ സാന്നിധ്യമായി ജോയ് മാത്യു കഥയില്‍ ഇടപെട്ടുകൊണ്ടു തന്നെ നിറഞ്ഞു നില്‍ക്കുന്നുണ്ട് .  വിട്ടുനിന്നതിന്റെ കാരണം (പ്രതിഭയില്ലാത്തതുകൊണ്ടായിരിക്കില്ല, ആദ്യ സം‌വിധാന സംരംഭമായ ഷട്ടര്‍ കഴിഞ്ഞ ചലച്ചിത്രമേളയില്‍ ഓഡിയന്‍സ് അവാര്‍ഡ് നേടിയതോര്‍ക്കുക) അര്‍ഥഗര്‍ഭമായ മൗനത്തിലൊളിപ്പിച്ചുകൊണ്ടു തന്നെ!


ഇടവഴികളിലും കായലിലും കടത്തു ബോട്ടിലും മേനകയിലുമൊക്കെ മധു നീലകണ്ഠന്‍ എന്ന സര്‍ഗ്ഗധനനായ ഛായാഗ്രാഹകന്‍റെ കയ്യൊപ്പു പതിഞ്ഞിരിക്കുന്നതു കാണാം. കത്തിച്ചുവച്ച തിരികളില്‍ നിന്നു കൊളുത്തിയ മെഴുകുതിരി നാളത്തില്‍ അന്നയുടെ മുഖം ദീപ്തമാവുന്നതും, പള്ളിപ്പെരുന്നാളിന്റെയും ട്രിപ്പിളടിച്ചുള്ള ബൈക്ക് യാത്രയുടേയും തെരുവിന്റെയും വിളക്കുകാലിന്റെയുമൊക്കെ  മനോഹര ചിത്രങ്ങളും.. സ്വാഭാവിക വെളിച്ചത്തില്‍ ചിത്രീകരിച്ചവയെന്നറിയുമ്പോള്‍ ഫ്രെയിമുകളുടെ മാറ്റുകൂടുന്നുവെന്ന് പറയേണ്ടതില്ലല്ലോ!


മലയാളത്തില്‍ ക്ളാസ്മേറ്റ്സ്, ഇവന്‍ മേഘരൂപന്‍, ഹിന്ദിയില്‍  ചാന്ദ്നി ബാര്‍, ഗുലാല്‍, ദേവ്. ഡി, ദാറ്റ് ഗേള്‍ ഇന്‍ യെലോ ബൂട്ട്സ്, ഗാങ്സ് ഓഫ് വാസിപൂര്‍ തുടങ്ങിയവയുടെ ഛായാഗ്രാഹകനായിരുന്ന പ്രതിഭാധനനായ രാജീവ് രവി ഒരുക്കിയ അന്നയും റസൂലും ഹൃദ്യമായ ഒരു സിനിമാനുഭവമാണ്.

 
കഥയും പാത്രസൃഷ്ടിയും കഥപറച്ചിലിന്റെ രീതിയും അതിനെടുക്കുന്ന സമയവുമെല്ലാം സം‌വിധായകന്റെ സ്വാതന്ത്ര്യമെന്നു സമ്മതിച്ച് മുന്‍‌വിധികളൊന്നും കൂടാതെ സിനിമ കാണാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍,  പ്രണയമെന്നത് കാമുകന്‍ പാട്ടുപന്യസിക്കാതെയും തോഴിമാര്‍ ആടിപ്പാടാതെയും അനുഭവവേദ്യമാക്കാമെന്നു നിങ്ങള്‍ കരുതുന്നെങ്കില്‍, ശബ്ദമെന്നത് നിശബ്ദത കൂടി ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്നെങ്കില്‍ ഈ സിനിമ നിങ്ങളെ വിനോദിപ്പിക്കും; മധുരമുള്ളൊരു വിസ്മയമായി നിങ്ങള്‍ക്കതു അനുഭവപ്പെടുകയും ചെയ്യും!




Thursday, December 15, 2011

അമരംബലത്തെ മെഡിക്കല്‍ ക്യാമ്പ്



നിലമ്പൂരില്‍ ഞങ്ങളുടെ ഹോം സ്പെഷ്യല്‍ സ്കൂളില്‍ വരുന്ന ശനിയാഴ്ച കമല ക്ലബ് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെ പോസ്റ്റര്‍ ആണിത്. സാധാരണ ക്യാമ്പുകളില്‍ നടക്കുന്നതില്‍ നിന്നു വ്യത്യസ്തമായി ഓരോ കുട്ടിയെയും എല്ലാ കണ്‍സല്‍ട്ടന്റുകളും പരിശോധിച്ച് ഒരു മെഡിക്കല്‍ റെക്കോര്‍ഡ് ഉണ്ടാക്കി, ഭാവിയില്‍ സമാനമായ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോളോ അപ് ചെയ്യാനാണു പദ്ധതി.

മനോജ് രവി, കാര്‍ഡിയോളജിസ്റ്റ്,
രാകേഷ് ടീപി, ഇന്റേണല്‍ മെഡിസിന്‍,
രഘുനാഥ് ബി, പീഡിയാട്രിക്‍സ്,
ബിനേഷ് വി.ജി, ഡെര്‍മറ്റോളജി,
രാജേഷ് കെ.പി, ഇ.എന്‍.ടി,
ഗോപാല്‍ കെ ആര്‍, റേഡിയോളജി,
മനോജ് കെ.ടി, മനോജ് ടി.വി, ഞാന്‍, പ്രിലിമിനറി സ്ക്രീനിങ്
എന്നിങ്ങനെയാണ് ഡോക്ടര്‍‌മാര്‍.

ശനിയാഴ്ച ഉച്ചക്ക് നിങ്ങള്‍ ഫ്രീ ആണെങ്കില്‍ കമല ക്ലബിലേക്ക് വരൂ...

Sunday, September 25, 2011

സൈലന്റ് വാലി: എ റെയ്‌ന്‍ ട്രാവെലോഗ് (എഡിറ്റഡ് റീപോസ്റ്റ്)

കമല ക്ലബ് കൂടിയിട്ട് നാളുകളേറെയായി, കാപ്പാട് ബീച്ചില്‍ നേരം വെളുപ്പിച്ചതിന്റെ ഓര്‍മ്മയൊക്കെ തികട്ടിത്തുടങ്ങിയെന്നൊക്കെപ്പറഞ്ഞ് ബിനേഷ് വിളിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും മനോജ് രവി ശിരുവാണിയില്‍ പട്ടിയാര്‍ ബംഗ്ലാവ് ബുക്കു ചെയ്തുകഴിയുമ്പോഴാണ് കാര്യങ്ങള്‍ ട്രാക്കിലാവുന്നത്.

ദിവസവും രാവിലെ അവനയക്കുന്ന കൗണ്ട് ഡൗണ്‍ മെസ്സേജുകള്‍ ശല്യമായിത്തുടങ്ങിയപ്പോഴേക്കും വെള്ളിയാഴ്ചയായി. കറന്റും വെള്ളവുമൊന്നും ഉണ്ടാവില്ല, മുടിഞ്ഞ മഴയായിരിക്കും, തണുത്തകാറ്റത്ത് വിറങ്ങലിച്ച് മൂഡൗട്ടാവുമായിരിക്കും എന്നൊക്കെയാണ് ട്രാവലോഗുകളില്‍ കണ്ടത്. അതുവരെ, ചെറിയ മക്കളെ ഈ മഴക്കാലത്ത് വിട്ട്, പോവുന്നില്ലെന്നു വച്ച എനിക്കു പോലും ക്ലബ്ബല്ലേ, പോവാതിരിക്കുന്നതെങ്ങനെ എന്നു തോന്നിത്തുടങ്ങിയപ്പോഴേക്കും അറിയിപ്പു വരുന്നു, മന്ത്രിക്കു വേണ്ടി ബുക്കിങ്ങ് മാറ്റപ്പെട്ടു, പകരം മുക്കാളി ഐബിയില്‍ മുറി ഒരുക്കിയിരിക്കുന്നുവെന്ന്.
സുനുവുമൊത്ത് ഫോക്കസ് മാളില്‍ ക്ലബ്ബിനുവേണ്ടി ഒരു 'അഡ്ജസ്റ്റ്മെന്റ് ഷോപ്പിങ്ങ്' നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മെസ്സേജ് വരുന്നത്, വായിച്ചുകഴിഞ്ഞതും വാലറ്റ് കാലിയായെന്നു പ്രത്യേകം പറയേണ്ടല്ലോ! അല്ലെങ്കില്‍ത്തന്നെ അവള്‍ വശപ്പിശക് മണത്തറിഞ്ഞ മട്ടായിരുന്നു താനും!

സൈലന്റ് വാലി യാത്ര പലപ്പോഴായി മാറ്റി വയ്ക്കപ്പെട്ട ഒരു കടമാണെനിക്ക്. പഠിക്കുമ്പോഴും, ഹൗസ് സര്‍ജന്‍സിക്കാലത്തും, പിന്നീടു വന്ന ട്രിപ്പുകളിലൊക്കെയും ഓങ്ങുമ്പോഴേയ്ക്കും, കൈയില്‍ നിന്നുമൂര്‍ന്നു പോയ വഴുക്കല്‍ പിടിച്ച ഒരു കല്ലു പോലെ, മാറിപ്പോയ ഒരു യാത്ര. തന്നെക്കൂട്ടാതെ പോവുന്നതില്‍ ചെറിയ വിഷമങ്ങളൊക്കെ കാണിച്ചെങ്കിലും സുനു പാക്കിങ്ങ് ഭംഗിയാക്കി; ചാര്‍ജറുകളും സോക്ക്സും മറ്റുമൊക്കെ വിട്ടുപോവാതെത്തന്നെ. ജൂലൈ ഇരുപത്തിമൂന്നിന് ഉച്ചയൂണു കഴിഞ്ഞ് മൂന്നേ കാലോടെ ഓഡോമീറ്റര്‍ സെറ്റ് ചെയ്ത് ഇന്നോവയില്‍ കുതിപ്പു തുടങ്ങി. മഴയത്ത് താമരശ്ശേരി ചുരമിറങ്ങുമ്പോള്‍ ടീപിയുടെ കോള്‍, ഗോപാലിന്റെ മാരുതി വേഴ്സയില്‍ ടീം ഷൊര്‍ണൂര്‍ എത്താറായെന്ന്‍. സ്കൂള്‍ വിടുന്ന സമയമായതുകൊണ്ടും കനത്ത മഴ കാരണവും മണിക്കൂറില്‍ അന്‍പത് കിലോമീറ്ററാണ് എന്റെ സ്പീഡ്, മണ്ണാര്‍ക്കാട് വച്ച് കാണാമെന്നാണ് പ്ലാന്‍. സംസാരത്തിനിടെ പൊട്ടിച്ചിരികളും അലര്‍ച്ചയുമൊക്കെ പശ്ചാത്തലത്തില്‍ കേട്ടത് ഒറ്റയ്ക്ക് ഡ്രൈവുചെയ്യുന്ന എന്നെ ഒട്ടൊന്നുമല്ല വിഷണ്ണനാക്കിയത്. യാത്രകളുടെ രസം കൂട്ടായ്മയുടേതാണെന്ന് കോഴ്സ് കഴിഞ്ഞ് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും ഇടയ്ക്കിടെ കൂടുന്ന കമലകളിലൊരാള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. താമരശ്ശേരി, മുക്കം, അരീക്കോട് വഴി മഞ്ചേരിയും പാണ്ടിക്കാട്, മേലാറ്റൂര്‍, അലനല്ലൂര്‍ വഴി മണ്ണാര്‍ക്കാടും നൂറ്റിയിരുപത് കിലോമീറ്റര്‍ രണ്ടര മണിക്കൂറില്‍ ഓടിയെത്തിയ എന്നെ നിരാശനാക്കിക്കൊണ്ട്, കാത്തു നില്‍ക്കാതെ, അവര്‍ ചുരം കയറിത്തുടങ്ങിയിരിക്കുന്നു!
രണ്ടു വര്‍ഷത്തിന്റെ ഇടവേളയില്‍, ജൂലൈമാസം, രണ്ടു പേരാണ് ഞങ്ങളുടെ ബാച്ചില്‍ മരണമടഞ്ഞത്. വെരിക്കോസ് വെയിന്‍ അബ്ലേഷന്‍ കഴിഞ്ഞ് പള്‍മണറി എംബോളിസം വന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യോളജിസ്റ്റായിരുന്ന ദീപക് ഹര്‍ഷന്‍ ആദ്യവും വന്‍‌കുടലിലെ കാന്‍സര്‍ വന്ന് പെരിന്തല്‍മണ്ണയിലെ പ്രമുഖ ഓര്‍ത്തോപീഡീഷ്യനായ നസറുദ്ധീന്‍ ഇപ്പോഴും. കഴിഞ്ഞ കുറേ നാളുകളായി മരണം, ആശ്രിതരുടെ 'മരണാനന്തര' ജീവിതം തുടങ്ങിയവ ഞങ്ങളുടെ സംഭാഷണങ്ങളില്‍ പതിവായിരുന്നതിനാല്‍, ആര്‍ക്കും ആരുടെയും കാത്തിരിപ്പു തുണയാവില്ലെന്നും, യു ആര്‍ എലൈവ് ആസ് ലോങ് ആസ് യു ലിവ് എന്നുമൊക്കെ മനസ്സില്‍ പറഞ്ഞു ഞാന്‍ ഫിലോസഫിക്കല്‍ ആവാന്‍ ശ്രമിച്ചു. പണ്ടെപ്പോഴോ റൈറ്റ് ചെയ്തു വച്ച സിഡിയില്‍ കൈലാഷ് ഖേറിന്റെ അഭൗമ ശബ്ദത്തില്‍ നീഹര്‍‌വ എന്ന കബീറിന്റെ വരികള്‍ കൂടിയായപ്പോഴേയ്ക്കും ഇനി ഇരുട്ടും മുന്‍പ് കാഴ്ചകള്‍ കണ്ടു രസിച്ചു മതി യാത്രയെന്നും തീരുമാനിച്ച് വേഗം കുറച്ചു.
ഇടത്തോട്ട് സൈലന്റ് വാലിയിലേക്കുള്ള റോഡില്‍ കുറച്ചു ചെന്നപ്പോഴേക്കും ദൂരെ ആകാശത്തെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കല്ലുമല. തെറിച്ചു നില്‍ക്കുന്ന അതിന്റെ തലപ്പ് കോടയില്‍ മറഞ്ഞിരിക്കുന്നു.
ചാറ്റല്‍ മഴയെ വകവയ്ക്കാതെ ചില്ലു താഴ്ത്തി മണങ്ങള്‍ ശ്വസിച്ചുകൊണ്ട് അലസമായ ഒരു യാത്ര. സുനുവിനെയും ഗൗതത്തെയും അമേയയെയും ഒപ്പം കൂട്ടിയിരുന്നെങ്കില്‍ എന്നു പലതവണ തോന്നിപ്പോവുന്ന പച്ചപ്പിന്റെ കാഴ്ചകള്‍, കോടമഞ്ഞിന്റെ ഒളിച്ചു കളികള്‍, അരുവികള്‍ കല്ലില്‍ കുത്തിയൊഴുകുന്നതിന്റെ അലയൊലികള്‍. വയനാടന്‍ ചുരത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ട റോഡ്. ഇടയ്ക്കിടെ അലോസരപ്പെടുത്തിക്കൊണ്ട് ഹോണ്‍ മുഴക്കിക്കൊണ്ടിരുന്ന ഒരു അഗളി ബസ്സു കടന്നു പോയതോടെ ചുരത്തില്‍ ചീവീടുകളുടെ ശബ്ദം മാത്രം.

ആറരയ്ക്ക് മുക്കാളി ഐബിയിലെത്തുമ്പോള്‍ ചാറ്റല്‍ മഴ നിന്നിരുന്നു. മുറ്റത്തുള്ള ഔഷധ സസ്യത്തോട്ടത്തില്‍ ഇതുവരെ കാണാത്ത ചെടികള്‍ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു.
നേരെ ഒതുക്കുകളിറങ്ങിച്ചെല്ലുമ്പോള്‍ സന്ധ്യയുടെ നേര്‍ത്ത വെളിച്ചത്തില്‍ അലകളിളക്കിക്കൊണ്ട് ഭവാനിപ്പുഴ കുതിച്ചൊഴുകുന്നു. ഉന്മത്തമാകുന്ന കാഴ്ചയാണെങ്കിലും, നുരഞ്ഞൊഴുകുന്ന നദിയുടെ ഞൊറികള്‍ക്കിടയില്‍ അപകടം നഖങ്ങളൊളിപ്പിച്ച് പതിയിരിക്കുന്നുവെന്നതോര്‍ത്തപ്പോള്‍ നടുക്കം. കൂടുതല്‍ നേരം നിന്നാല്‍ നദിയുടെ കൈകള്‍ കരയോളം വന്ന് എന്നെ ആലിംഗനം ചെയ്തേക്കുമെന്നും വിവശനായി ഞാന്‍ വീണുപോയേക്കുമെന്നും തോന്നിയപ്പോള്‍ കയറിപ്പോന്നു.
വരാന്തയില്‍ എത്തുമ്പോഴേയ്ക്കും ചിരിയുടെ ചില്ലുകള്‍ വീണുടയുന്ന ശബ്ദം. ക്ലബ്ബ് ഔദ്യോഗികമായി ചേര്‍ന്നിരിക്കുന്നു. ബാഗുകള്‍ ഇറക്കുമ്പോഴേയ്കും ചൂടു ചായ കിട്ടിയത് യാത്രാച്ചൊരുക്ക് ഒഴിയാന്‍ സഹായിച്ചു. പതിനഞ്ച് വര്‍ഷമായി ഡെയിലി വേജസ് ബേസിസില്‍ ജോലി ചെയ്യുന്ന ഒരാളായിരുന്നു കുക്ക്. കുന്തിയെന്ന പേരുള്ള മുറിയും മുകളിലെ ഡോര്‍മെട്രിയുമാണ് താമസത്തിന്. ഭവാനിയെന്ന തൊട്ടടുത്ത മുറിയില്‍ വാര്‍ഡന്‍, വേറെയൊരു കുടുംബം കൂടിയുണ്ട് അപ്പുറത്ത് താമസക്കാരായി.

ബാല്‍ക്കണിയില്‍ മനോജുമൊത്ത് നിന്നപ്പോള്‍ ഇരുട്ടത്ത് കൂടണയാന്‍ വെമ്പിപ്പറന്ന കിളികള്‍ വൃക്ഷത്തലപ്പില്‍ അദൃശ്യരാവുന്നതും വൈകിയതിന് നിര്‍‌വികാരതയോടെ വൃക്ഷം തലകുലുക്കി ശാസിക്കുന്നതും കണ്ടു.
ഭക്ഷണം കഴിച്ച് ദീപക്കിനെയും ഹോജയെയും അനുസ്മരിച്ച് കുറച്ചു നേരം. മരണവും അതിന്റെ സൈഡ് ഇഫക്റ്റുകളും പ്രബന്ധമായി. നിസ്വാര്‍ഥമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കിടെ കെ.ടിയെ അലോസരപ്പെടുത്തുന്ന നെറികെട്ട ക്യാമ്പെയ്‌നുകള്‍ രോഷത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു. ചെടിപ്പു മാറ്റാന്‍ ടീപിയും രഘുവും ടീവിയും ഗോപാലും പാട്ടുകള്‍ പാടിത്തുടങ്ങി. തിലകനും മൂന്നാം പക്കവും നഖക്ഷതങ്ങളും ഇളയരാജയും പദ്മരാജനുമെല്ലാം നിറഞ്ഞ രാത്രി. താളവുമായി ബിനേഷും കെ.പിയും.
ഇടയ്ക്ക് മനോജ് ആതിഥേയനായ കുഞ്ഞച്ചന്‍ ചേട്ടനോട് രാവിലെ വാലിയിലേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ ആരായാന്‍ പോയതൊഴിച്ചാല്‍ രാത്രി കമല ക്ലബ്ബ് അതിന്റെ എല്ലാ പ്രതാപങ്ങളോടെയും ആഘോഷമാക്കി മാറ്റി. പുഴയുടെ ഇരമ്പലും ചീവീടുകളും ഇലച്ചാര്‍ത്തുകളില്‍ ഇടയ്ക്കു ചിന്നുന്ന നനുത്ത മഴയും കാലം തെറ്റി പൂത്ത കാട്ടുചെമ്പകത്തിന്റെ മാദക ഗന്ധവും...അവിസ്മരണീയമായ മറ്റൊരു രാത്രി കൂടി.
സൈലന്റ് വാലിയില്‍ എട്ടുമണിക്കാണ് ഔദ്യോഗിക പ്രവേശമെങ്കിലും, നേരത്തെ പോയാല്‍ മാത്രമേ മൃഗങ്ങളെ കാണാന്‍ പറ്റൂവെന്നതിനാല്‍ ഏഴുമണിക്ക് തന്നെ എഴുന്നേറ്റു.

തെളിഞ്ഞ പ്രഭാതം, മുറ്റത്തെ മരത്തലപ്പുകളില്‍ക്കൂടി ഉദയസൂര്യന്റെ വജ്രകിരണങ്ങള്‍ ഭൂമിയെത്തിരഞ്ഞു നടക്കുന്നു. രാത്രി മലയില്‍ മഴ കുറഞ്ഞതുകൊണ്ടാവണം, ശബ്ദം കുറച്ച് ഭവാനിപ്പുഴ ഉല്ലസിച്ചൊഴുകുകയാണ്. തോര്‍ച്ചയില്‍ തേന്‍ തേടി പുള്ളിപ്പൂമ്പാറ്റകള്‍ പൂക്കളിലേയ്ക്ക്. സൂര്യനു പുറം തിരിഞ്ഞ് ധൃതിയില്‍ വലനെയ്ത് ഇരയെക്കാത്തിരിക്കുന്ന ഒരു വരയന്‍ ചിലന്തി.. വിശുദ്ധമായ മണങ്ങള്‍; മണ്ണിന്റെ, മരത്തിന്റെ, കാറ്റിന്റെ.... വശ്യമായ വന്യത.

എട്ടരയോടെ ജീപ്പു വന്നു. കെ.പി നീലേശ്വരത്തേക്കു ബുക്കുചെയ്തിട്ടുള്ള ട്രെയിന്‍ കിട്ടില്ലായെന്നു പറഞ്ഞ് ഒഴിവായി. ആവത് പരിശ്രമിച്ചിട്ടും തീരുമാനത്തില്‍ നിന്നും പിറകോട്ടില്ല ചങ്ങാതി. എത്രയോ ട്രെയിനുകള്‍ എത്രയെത്ര സ്റ്റേഷനുകളിലൂടെ ഓടിപ്പോയിരിക്കുന്നു. നമ്മുടെ പാളത്തില്‍ ഇന്നുള്ളത് ഒരു അസുലഭ വണ്ടിയല്ലേ; ഒറ്റപ്പാളങ്ങലിലൂടെ കമല ക്ലബ്ബ് എത്ര ഓടിയിരിക്കുന്നുവെങ്കിലും അവനോര്‍ക്കാമായിരുന്നു!
ഫോറസ്റ്റ് ഓഫീസില്‍ എല്ലാവരും പേരെഴുതി ഒപ്പിട്ടു. ഫീസ് കുഞ്ഞച്ചന്‍ ചേട്ടന്‍ കൊടുത്തിരിക്കുന്നു. ജീപ്പില്‍ കയറുമ്പോള്‍ ഗൈഡ് സന്തോഷ്, മുക്കാളിയില്‍ വെയിലാണെങ്കിലും സൈലന്റ് വാലി കോര്‍ സോണില്‍ മഴയായിരിക്കുമെന്നു തറപ്പിച്ചു പറഞ്ഞത് ഒട്ടൊന്നു വിഷമപ്പെടുത്തി. മുന്‍പില്‍ വേറെ ജീപ്പുകള്‍ പോയിക്കഴിഞ്ഞ സ്ഥിതിക്ക് മൃഗങ്ങളെ കാണാന്‍ സാധ്യതയുമില്ലത്രെ.

കുറച്ചിട ചെന്നപ്പോള്‍ സൈലന്റ് വാലിയിലേക്കുള്ള പ്രവേശന കവാടത്തിലെത്തി.അനുമതി ലഭിച്ചു കഴിഞ്ഞ് വാലിയിലേക്കുള്ള യാത്ര തുടങ്ങി; ഗിരിജന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലയിലൂടെ, മെറ്റല്‍ റോഡിലൂടെ കയറ്റങ്ങള്‍, വളവുകള്‍. വൈത്തിരി സുഗന്ധഗിരിയിലെന്ന പോലെ, കുരുമുളകും കാപ്പിയും ഏലവും കൃഷിയിറക്കി ആദിവാസികള്‍ വസിക്കുന്ന ഇടം. താഴ്വരയില്‍ അഹാഡ്സ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് വീടുകള്‍. ചിലയിടങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുത വേലികള്‍. മുമ്പവിടെ ആനയിറങ്ങി ഒരാളെ ചവിട്ടിക്കൊന്നതിന്റെ പ്രതിഷേധം കാരണമാണ് കമ്പിവേലികള്‍ സ്ഥാപിച്ചതത്രെ. വയനാട്ടിലെ കൃഷിയിടങ്ങളിലെ വൈദ്യുത വേലി ആനകള്‍ എത്രയോ വട്ടം ചവിട്ടിപ്പൊളിച്ചിരിക്കുന്നുവെന്ന് പുഞ്ചിരിയോടെ മനസ്സിലോര്‍ത്തു.

ഇടയ്ക്ക് താഴ്‌വാരങ്ങളില്‍ വൃക്ഷത്തലപ്പുകളില്‍ പക്ഷിക്കൂട്ടങ്ങളുടെ ചിലപ്പുകള്‍.

കൃഷിയിടങ്ങള്‍ കഴിഞ്ഞ് കയറ്റം തുടങ്ങിയപ്പോഴെയ്ക്കും മഴ ചാറിത്തുടങ്ങി. തണുപ്പേറുന്നു, കോടയില്‍ മുങ്ങിയ വഴി. കാടിനു കനം വച്ചു വരുന്നു.

ഇടയില്‍ വഴിയരികില്‍ ഒരു വെള്ളച്ചാട്ടം കണ്ടപ്പോള്‍ മഴ വകവയ്ക്കാതെ ഒരു ഫോട്ടോ സെഷന്‍. ജീപ്പില്‍ തിരികെക്കയറിയപ്പോള്‍ പാന്റിലും കാലിലും തൂങ്ങിപ്പിടിച്ച് അതിഥിയാത്രക്കാര്‍: അട്ടകള്‍. യാത്ര പ്ലാന്‍ ചെയ്തപ്പോഴേ മനോജാണ് പുകയിലയും ഉപ്പും കൊണ്ടുവരാമെന്നേറ്റത്. ഏറ്റതല്ലേ, അദ്ദേഹമത് കൊണ്ടുവരികയും സെയ്ഫായി കാറില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്; മുക്കാളിയില്‍! ചിരികള്‍, കുടച്ചിലുകള്‍, സീല്‍ക്കാരങ്ങള്‍, അട്ടകളുടെയും കമലകളുടെയും. അട്ടഹാസമെന്നതിന് രഘുവിന്റെ പുതിയ നിര്‍‌വചനം: തടിച്ചൊരു ഞരമ്പിനടുത്ത് ഇടം കിട്ടിയ അട്ടയുടെ ചുണ്ടില്‍ വിരിയുന്ന മൃദു മന്ദഹാസമാണു പോല്‍, അട്ട'ഹാസം'!

കുറച്ചിട ചെന്നപ്പോള്‍ മരത്തലപ്പുകളില്‍ ഒരു മിന്നായം. നിര്‍ത്തിയിറങ്ങിയപ്പോഴേയ്ക്കും ഒരു സിംഹവാലന്‍, നിഴല്‍ പോലെ, അകലെയെത്തിയിരിക്കുന്നു. ചക്കപോലെയുള്ള ഒരു കായുണ്ടാവുന്ന മരങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീണുപോയ ഒരു വന്‍മരം കേടുപാടുകളൊന്നും കൂടാതെ വഴിയരികില്‍ കിടക്കുന്നു. സ്വാഭാവികമായ വനവും ആവാസ വ്യവസ്ഥയുമാണ് പരിരക്ഷിക്കപ്പെടുന്നതെന്ന് ഗൈഡ്. വനവല്‍ക്കരണമല്ല, വന സം‌രക്ഷണമാണ് സൈലന്റ് വാലിയാകെ.

മുന്നില്‍ വഴിയുടെ വശങ്ങളില്‍ പുല്ലുകള്‍ വളര്‍ന്നയിടത്ത് വണ്ടി നിര്‍ത്തി സന്തോഷ് പുറത്തിറങ്ങി. ഒച്ചയുണ്ടാക്കരുത്, മൃഗങ്ങള്‍ ഓടിയകലുമെന്നു മുന്നറിയിപ്പോടെ. പതുക്കെ നടന്ന് ഒരു മരത്തിനടുത്തെത്തിയപ്പോള്‍ ഒരു സിംഹ വാലനും അടുത്ത മരത്തില്‍ കരിങ്കുരങ്ങുകളുടെ കൂട്ടവും.

മഴ വകവയ്ക്കാതെ ക്യാമറ ഉയര്‍ത്തിയപ്പോഴെക്കും ജീപ്പിനടുത്തുനിന്നും ടീപിയുടെ ദീനരോദനവും രഘുവിന്റെ പൊട്ടിച്ചിരിയും: പുല്‍ത്തലപ്പുകളില്‍ നിന്നും അട്ടകള്‍ കഴുത്തു തിരഞ്ഞു വരുന്നത്രെ. തിരിഞ്ഞു നോക്കി വീണ്ടും ഫോക്കസ് ചെയ്യുമ്പോഴേയ്ക്കും ശബ്ദം കേട്ട് കുരങ്ങുകള്‍ ഉള്ക്കാട്ടിലേക്കു വലിഞ്ഞു കളഞ്ഞു. കാണാനൊത്തതിന്റെ സന്തോഷം, പകര്‍ത്താനാവാത്തതിന്റെ ഇച്ഛാഭംഗം!

കോര്‍ സോണിലേക്കുള്ള കവാടം കോടമഞ്ഞില്‍ മുങ്ങിയിരിക്കുന്നു. വേനലിലായിരുന്നെങ്കില്‍ ഒന്നര കിലോമീറ്റര്‍ കൂടി ഉള്ളിലേയ്ക്കു പോവാമായിരുന്നുവെന്ന് ഗൈഡ്. മഴക്കാലത്ത് മഞ്ഞില്‍ പതുങ്ങിയിരിക്കുന്ന ഒറ്റയാന്മാര്‍ ഒഴിയാന്‍ ഇടതരാതെ ആക്രമിച്ചേക്കുമെന്നതിനാല്‍ പുഴവരെയും അതിലുള്ള തൂക്കുപാലം വരെയും പെര്‍‌മിഷന്‍ ഇല്ലത്രെ.

സൈരന്ധ്രിയിലെ വാച്ച് ടവര്‍ എത്തിയപ്പോഴേയ്ക്കും മഴ തോര്‍ന്നിരിക്കുന്നു . തെളിച്ചം കുറവെങ്കിലും പ്രകൃതി കനിഞ്ഞിരിക്കുന്നു. മനോജും ഗോപാലും കിതച്ചുകൊണ്ട് ഞാനും മുകള്‍ വരെ കയറി. ബാക്കിയുള്ളവര്‍ പാതിയില്‍ നിര്‍ത്തി.
ജീവിതത്തില്‍ കണ്ടതിലേറ്റവും മനോഹരമായ പ്രകൃതി ദൃശ്യം കണ്‍‌മുന്നില്‍. നാലു ചുറ്റിലും പച്ചപ്പിന്റെ പ്രളയം.
തെളിഞ്ഞും കോടയില്‍ മറഞ്ഞും മലനിരകള്‍..
തണുത്ത് ശക്തിയേറിയതെങ്കിലും വിശുദ്ധിയുടെ ഗന്ധമുള്ള കാറ്റ്.
മലയിടുപ്പുകള്‍ക്കിടയില്‍ ഒരു വെള്ളിനൂലു പോല്‍
കുന്തിപ്പുഴ ഒഴുക്കു തുടങ്ങുന്നത് മഞ്ഞില്‍പ്പുതഞ്ഞു കാണാം..
നിര്‍ന്നിമേഷരായി നോക്കിക്കൊണ്ടു നില്‍ക്കേ, മഴവരുന്നതുപോലെ
കോടയിറങ്ങി ഞങ്ങളെപ്പൊതിഞ്ഞു.
മഞ്ഞിന്റെ ആശ്ലേഷണത്തില്‍ മനം നിറഞ്ഞ്, സര്‍‌വവും വിസ്മരിച്ച്, തുള്ളിച്ചാടിക്കൊണ്ട് മനോജ്.
കാറ്റിന്റെ ശക്തിയിലോ, മനസ്സിന്റെ ലഘുത്വത്തിലോ
പൊങ്ങിപ്പോവുന്നുവെന്ന തോന്നല്‍....

അവിസ്മരണീയമായ കാഴ്ചനിമിഷങ്ങള്‍..


അപാരമായ പ്രകൃതിയുടെ മുന്‍പില്‍ വിനീതനായി ഏതു മനുഷ്യനും ഒരു വേള ധ്യാനനിമഗ്നനായിപ്പോവും.

എങ്കിലും ലൗകിക ജീവിതത്തിന്റെ രാവണന്‍ കോട്ടയില്‍ നിന്നും ഏറെ പുറത്തല്ല ഞങ്ങളെന്നോര്‍മ്മിപ്പിച്ചു കൊണ്ട് എപ്പോഴോ മനോജിന്റെ ബ്ലാക്ക് ബെറി ശബ്ദിച്ചു. ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ ഏതോ ഒരു മനുഷ്യന്റെ കുഴഞ്ഞു മറിഞ്ഞ ഹൃദയതാളങ്ങള്‍ മനോജിനെ കാഴ്ചകളില്‍ നിന്നു വേര്‍പെടുത്തി.
ദൃശ്യമെന്നതു പോലെ കാഴ്ചയെന്നതും ആപേക്ഷികം.
പങ്കിട്ട നിമിഷങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ട്?
പ്രകൃതിയുടെ അപാരതയെ തിരസ്കരിച്ച കെ.പിയ്ക്ക് നഷ്ടമായതെന്തെന്ന്‍
എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

ടവറിന്റെ പാതി വഴിയില്‍ന്‍ തങ്ങി ഇറങ്ങിപ്പോയ നാലുപേരേക്കാള്‍
കൂടുതല്‍ ഞങ്ങളെന്തു നേടി?

ഞാനാര്, നിങ്ങളാര് ?
മരണശേഷം അവശേഷിപ്പിച്ചു പോവുന്നതു മാത്രമാണോ ജീവിതമെന്നത്?

Sunday, July 31, 2011

സൈലന്റ് വാലി: ഒരു മഴ യാത്ര..പാര്‍ട്ട് മൂന്ന്

സൈരന്ധ്രിയിലെ വാച്ച് ടവര്‍ എത്തിയപ്പോഴേയ്ക്കും മഴ തോര്‍ന്നു .
തെളിച്ചം കുറവെങ്കിലും പ്രകൃതി കനിഞ്ഞിരിക്കുന്നു. മനോജും ഗോപാലും കിതച്ചുകൊണ്ട് ഞാനും മുകള്‍ വരെ കയറി. ബാക്കിയുള്ളവര്‍ പാതിയില്‍ നിര്‍ത്തി.
ജീവിതത്തില്‍ കണ്ടതിലേറ്റവും മനോഹരമായ പ്രകൃതി ദൃശ്യം കണ്‍‌മുന്നില്‍.നാലു ചുറ്റിലും പച്ചപ്പിന്റെ പ്രളയം.
തെളിഞ്ഞും കോടയില്‍ മറഞ്ഞും മലനിരകള്‍..
തണുത്ത് ശക്തിയേറിയതെങ്കിലും വിശുദ്ധിയുടെ ഗന്ധമുള്ള കാറ്റ്.
മലയിടുപ്പുകള്‍ക്കിടയില്‍ ഒരു വെള്ളിയരഞ്ഞാണം പോല്‍
കുന്തിപ്പുഴ ഒഴുക്കു തുടങ്ങുന്നത് മഞ്ഞില്‍പ്പുതഞ്ഞു കാണാം..
നിര്‍ന്നിമേഷരായി നോക്കിക്കൊണ്ടു നില്‍ക്കേ, മഴവരുന്നതുപോലെ
കോടയിറങ്ങി ഞങ്ങളെപ്പൊതിഞ്ഞു.
മഞ്ഞിന്റെ ആശ്ലേഷണത്തില്‍ മനം നിറഞ്ഞ്, സര്‍‌വവും വിസ്മരിച്ച്, തുള്ളിച്ചാടിക്കൊണ്ട് മനോജ്.
കാറ്റിന്റെ ശക്തിയിലോ, മനസ്സിന്റെ ലഘുത്വത്തിലോ
പൊങ്ങിപ്പോവുന്നുവെന്ന തോന്നല്‍....
അവിസ്മരണീയമായ കാഴ്ചനിമിഷങ്ങള്‍..
അപാരമായ പ്രകൃതിയുടെ മുന്‍പില്‍ വിനീതനായി ഏതു മനുഷ്യനും ഒരു വേള ധ്യാനനിമഗ്നനായിപ്പോവും. എങ്കിലും ലൗകിക ജീവിതത്തിന്റെ രാവണന്‍ കോട്ടയില്‍ നിന്നും ഏറെ പുറത്തല്ല എന്നോര്‍മ്മിപ്പിച്ചു കൊണ്ട് എപ്പോഴോ മനോജിന്റെ ബ്ലാക്ക് ബെറി ശബ്ദിച്ചു. ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ ഏതോ ഒരു മനുഷ്യന്റെ കുഴഞ്ഞു മറിഞ്ഞ ഹൃദയതാളങ്ങള്‍ മനോജിനെ കാഴ്ചകളില്‍ നിന്നു വേര്‍പെടുത്തി.
ദൃശ്യമെന്നതു പോലെ കാഴ്ചയെന്നതും ആപേക്ഷികം.
പങ്കിട്ട നിമിഷങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ട്?
പ്രകൃതിയുടെ അപാരതയെ തിരസ്കരിച്ച കെ.പിയ്ക്ക് നഷ്ടമായതെന്തെന്ന്‍
എങ്ങനെ പറഞ്ഞു മനസ്സിലാക്കും?
ടവറിന്റെ പാതി വഴിയില്‍ന്‍ തങ്ങി ഇറങ്ങിപ്പോയ നാലുപേരേക്കാള്‍
കൂടുതല്‍ ഞങ്ങളെന്തു നേടി?
ഞാനാര്, നിങ്ങളാര് ?
മരണശേഷം അവശേഷിപ്പിച്ചു പോവുന്നതു മാത്രമാണോ ജീവിതമെന്നത്?