Monday, March 30, 2009

കമലചരിതം ആറാം വാല്യം : അന്നക്കിളി

ഫൈനല്‍ ഇയര്‍ റിസല്‍ട്ടു വന്നു. പൊതുജനത്തിന്റെ പ്രതീക്ഷയ്ക്കു കടകവിരുദ്ധമായി കമല ഒന്നാം ക്ലാസിനു ഒരു മാര്‍ക്കു കുറവില്‍ പാസായി. ഹൌസ് സര്‍ജന്‍സി തുടങ്ങാന്‍ ഒന്നൊന്നര മാസം സമയമുണ്ട്. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിത്തുടങ്ങുന്ന സമയമാണ്, എന്തും സംഭവിക്കാം. നീണ്ട ആലോചനകള്‍ക്കൊടുവില്‍ , പരിഷ്കാരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ , ഉറക്കക്കുറവുകാരണം ഉടഞ്ഞ തടിയൊന്നു നന്നാക്കിക്കളയാമെന്ന്‌ തീരുമാനവുമായി.

കുളി, മെസ്സ്, ടിവി ഹാള്‍ ,ഇന്ത്യന്‍ എക്സ്പ്രസ്, മെസ്സ്‌, സണ്‍ ടിവി , ഇടയ്ക്കൊരു റ്റോയ്‌ലെറ്റ് തീര്‍ത്ഥാടനം, കോറിഡോര്‍ ക്രിക്കറ്റും അനുബന്ധമായുള്ള തല്ലും, ലേറ്റ് മെസ്, വണ്ണത്തിലുള്ള കൂര്‍ക്കംവലി തുടങ്ങി ചിട്ടയോടെയുള്ള ചര്യകള്‍ ; ജീവിതത്തിനു ഒരു അര്‍ത്ഥമൊക്കെ വന്നുവെന്ന പ്രതീതി. ഏതാണ്ട് സന്തോഷ് മാധവന്റേതു മാതിരി ആധ്യാത്മിക ജീവിതം, പക്ഷേ, വ്യത്യാസമായി കമലയ്ക്ക് ബജ്‌രംഗബലിയുടെ അനുഗ്രഹം ഉണ്ടായിരുന്നു എന്നു മാത്രം.

പണ്ടൊക്കെ ക്ലാസില്‍ പോവുന്ന വഴിക്ക് ഇന്‍ ചെയ്തത് ശരിയായോ എന്നറിയാനാണ് കമല ജിമ്മില്‍ കയറാറ്. ഉപകരണങ്ങളുടെ ഇടയില്‍ ആള്‍പ്പൊക്കമുള്ള വലിയ കണ്ണാടിയില്‍ ആരാധനയോടെ തന്നെത്തന്നെ നോക്കിനില്‍ക്കുമ്പോള്‍ കമല എല്ലാം മറക്കും, ക്ലാസ്സില്‍ പോവാനിറങ്ങിയതാണെന്നു കൂടി. കക്ഷം കൊണ്ട് കുരുമുളകു പൊടിക്കുന്നുവെന്ന്‍ തോന്നിപ്പിച്ചുകൊണ്ട് വല്ല പോത്തുമോറനും വന്ന് കവച്ചുനിന്ന് മസിലുപെരുപ്പിക്കുമ്പോഴാണ് ആത്മരതി അവസാനിക്കുക. പക്ഷേ കാര്യങ്ങളിപ്പോള്‍ ബ്രെയ്ക്കിനു കേറ്റിയ ലെയ്‌ലാന്‍ഡ് ബസുപോലെയായ സ്ഥിതിക്ക് ജിമ്മില്‍ പോയേ മതിയാവൂ. തിന്നുന്നതു മാത്രം പോരല്ലോ, കൊക്കപ്പുഴുവും നാടവിരയും തിന്നു മിച്ചമായതു തടിക്കു പിടിപ്പിക്കണമെന്നുണ്ടെങ്കില്‍ മസിലുകള്‍ വേണം, പൂണൂലു പോലെ തൂങ്ങിക്കിടക്കുന്ന ഞാഞ്ഞൂല്‍ പേശികള്‍ മാത്രം പോര താനും.

അങ്ങനെ ഒരു രാത്രി ജിമ്മില്‍ കളിച്ച്, ജൂനിയര്‍ ബാച്ചിലെ ഒരു വരത്തന്‍ തന്നെ നോക്കിത്തന്നെയാണ് ബൈസെപ്‌സ് മുഴപ്പിച്ചതെന്ന കുണ്ഠിതത്തോടെ, കുളിയും കഴിഞ്ഞ് മെസ്സില്‍ ചെന്ന കമല, പോരാട്ടം പിന്നീട് പൊറോട്ടയോടാക്കി. ഉണ്ടു കഴിഞ്ഞൊന്നു മുറുക്കുന്നതിനു വേണ്ടി നാണിത്തള്ള വെറ്റില കീറുന്നതുപോലെ, പൊറോട്ട ചുരുട്ടിപ്പിടിച്ച്‌ ചവറു ചവറു പോലെ കഷ്ണങ്ങളാക്കിയിട്ടും കലിയടങ്ങാത്ത കമല, സാല്‍ന എന്നു ചെല്ലപ്പേരുള്ള ചാറൊഴിച്ച് കുഴച്ച് അവറ്റയെ ഉണ്ടയാക്കി നിര്‍ത്തുകയും, കുട്ടികള്‍ ഹോമിയോഗുളിക കഴിക്കുന്ന ലാഘവത്തോടെ വെട്ടിവിഴുങ്ങുകയും ചെയ്യുമ്പോഴാണ് അശരീരി പോലെ, അനോണിമസ് അവിടെയെത്തുന്നത്‌. പാസായതിലുള്ള അഭിനന്ദനങ്ങള്‍ കേട്ടു കഴിഞ്ഞപ്പോള്‍ കമലയ്ക്കു വായിലുള്ളത് ഇറക്കാന്‍ പറ്റാത്തത്ര ഗദ്ഗദം വന്നു; ഒരു വിധം തിന്നെണീറ്റുവെന്നു മാത്രം.

നന്ദിപ്രകാശനമെന്ന നിലയ്ക്കു നല്‍കിയ ഐസ്ക്രീം നുണയുന്നതിനിടയ്ക്കാണ് അനോണിമസ് ആഗമനോദ്ദേശം എറിഞ്ഞു പിടിപ്പിക്കുന്നത്. പാലക്കാട് ഒരിടത്ത് രണ്ടാഴ്ചത്തേയ്ക്ക് ഡോക്ടറെ വേണം; ചെന്തമിഴ് ഒരുമാതിരി മെരുക്കമുള്ള ആരെങ്കിലുമാവണം താനും. കുട്ടിക്കാലത്ത് ഹരിഹര്‍ ടാക്കീസിന്റെ ഏറ്റവും മുന്നിലെ ബെഞ്ചിലിരുന്ന് മനിതന്‍ കണ്ട്‌ കണ്ണുമിഴിച്ച അന്നു തുടങ്ങിയ ആരാധനയുമായി രജിനിയെയും തമിഴനെയും സ്‌നേഹിക്കുന്ന കമലയ്ക്ക് സഹിക്കുമോ? അപ്പോള്‍ത്തന്നെ വേണമെങ്കില്‍ പുറപ്പെട്ടുകളയും എന്ന നിലയായി.

വെളുപ്പിനു തന്നെ തിരിച്ച കമല പിറ്റേന്ന് ഉച്ചയോടെ സംഭവ സ്ഥലത്തെത്തി. പുതിയ ആശുപത്രിയാണ്. സ്ഥിരം ഡോക്ടറെപ്പോലെത്തന്നെ സ്ഥിരം രോഗികളും രോഗങ്ങളും ആയി വരുന്നതേ ഉള്ളൂ. നിഷ്കളങ്കരായ നേഴ്സുമാര്‍ , നിര്‍‌മമനായ മാനേജര്‍ , നിഷ്കാസിതനായ വാച്ചര്‍ , നിഷ്കാമ കര്‍മ്മയോഗിയായ കമല....ഭൂമി സമത്വസുന്ദരമായി വരുന്ന സമയം. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന ഒരു ചെറു പട്ടണം; മുണ്ടിക്കല്‍ത്താഴം ടൌണില്‍ ഏതാണ്ട് വായനശാലമുതല്‍ പഞ്ചായത്തുകിണര്‍ വരെയുള്ള സ്ട്രിപ്പു പോലെ. കറ്റകയറ്റിപ്പോവുന്ന കാളവണ്ടികള്‍ , തൊലിയാണോ അതോ ചെളിയാണോ ഭേദം എന്ന ഉല്‍‌പ്രേക്ഷ ജനിപ്പിച്ചുകൊണ്ട് മെഴുക്കുപുരണ്ട ശരീരങ്ങളുമായി ഗ്രഹണി പിടിച്ച പാണ്ടിപ്പിള്ളേര്‍ ,കൊലുസും മൂക്കുത്തിയും മിട്ടികളുമായി പച്ചപ്പാവാടകളില്‍ നടി കനകയെപ്പോലെ പൊടിപറത്തി നടക്കുന്ന പെണ്‍ കൊടികള്‍ ...റണ്ണിലെ മാധവനെപ്പോലെ 'മിസ്സി മിസ്സിയ മോ, മിമ്മിസ്സി മിസ്സിയ മോ' എന്ന കീര്‍ത്തനം ആലപിക്കാന്‍ കമലയ്ക്ക് തോന്നിയതില്‍ ഒരു തെറ്റുമില്ല. ആ ആംബിയെന്‍സില്‍ ഒരു മൂളിപ്പാട്ടെങ്കിലും പാടിയില്ലെങ്കില്‍ മോശവുമല്ലേ!

പാലക്കാടന്‍ മട്ടയില്‍ കുളമ്പൊഴിച്ച് കൊണ്ടാട്ടവും കൂട്ടി മുറുക്കിയൊന്നു പിടിച്ച് ജെറ്റ് ലാഗ് തീര്‍ത്ത കമല ഊണു കഴിഞ്ഞൊന്നു കിടന്നു. ഉറക്കത്തില്‍ എംഡിയെടുക്കുന്നതും അതുകഴിഞ്ഞ് കോളേജ് ലെക്‌ചററെ കല്യാണം കഴിക്കുന്നതുമൊക്കെ സ്വപ്നം കണ്ടു. ഹണിമൂണിനു കൊടൈക്കനാല്‍ പോയി തിരിച്ചു വരുന്നതിനിടയ്ക്ക് പൊള്ളാച്ചിക്കടുത്ത്‌ വഴിവക്കിലിരുന്നു പഴുത്ത ‍പുളി വില്‍ക്കുന്ന ഒരു തമിഴനോട് വിലപേശുന്നതുവരെ നീണ്ടു കിനാവ്. രോഗികള്‍ കാത്തു നില്‍ക്കുന്നുവെന്നറിയിക്കാന്‍ ചെന്ന വാച്ചര്‍ കാണുന്നത് വായുവില്‍ കൈകള്‍ ചുഴറ്റി കൂര്‍ക്കത്തിനിടെ, അവ്യക്തമായി, ആരെയോ പ്രാകുന്ന കമലയെ ആയിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. വിളികേട്ട് ഞെട്ടിയെണീറ്റ കമല കരാട്ടെ പഠിപ്പിക്കുന്നതിനിടെ കാലുതെറ്റി വീണുപോയ മാസ്റ്ററെപ്പോലെ വിളറിയിരുന്നുവെന്നാണ് ശ്രുതി.

തിരക്കിട്ടു ചെന്ന നേരം, ഒപിയുടെ മുന്‍പിലുള്ള ആള്‍ക്കൂട്ടം കണ്ടപ്പോള്‍‍ , ഒന്നാം തീയ്യതി തെറ്റിത്തുറന്ന ബീവറേജ് കടയുടെ മുന്‍പിലെത്തിയ പ്രതീതിയായിരുന്നു, ആശുപത്രിയില്‍ . ആറ് ജീപ്പ്, ബോണറ്റിനു കീഴെ നാരങ്ങ ഞാത്തിയിട്ട്‌ കളഭം വാരിത്തേച്ച ഒരു അമ്പാസഡര്‍ കാര്‍ , അഞ്ചെട്ട് സൈക്കിള്‍ , അതിലേറി വന്ന പുരുഷാരം; തന്റെ ഗുരുത്വം ഗംഭീരമാണെന്നു കമല സ്വയം സമ്മതിച്ചു. അല്ലെങ്കില്‍ എങ്ങനെയാണ്, വന്നവിവരം ഗുരുത്വാകര്‍ഷണം മൂലം നേഴ്സ്മാര്‍ പോലും അറിഞ്ഞു വരുന്നതിനു മുന്‍പേ ഇങ്ങനെയൊരു തിക്കും തള്ളും? എന്നാല്‍ തിരക്കു നിയന്ത്രിച്ച് സ്ഥിതി നിയന്ത്രണാതീതമാക്കിയപ്പോഴാണ് കാര്യങ്ങള്‍ തെളിഞ്ഞത്. രോഗി കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഡോക്ടറെക്കൊണ്ടു മുടിയുമാ എന്നു തെരിഞ്ചിട്ടു വേണമല്ലോ പെരിയപ്പാവെ ഇറക്കാന്‍ ‍എന്നതാണ് ബൈസ്റ്റാന്‍ഡേഴ്സിന്റെ ന്യായം.

മേശക്കെതിര്‍‌വശത്തിരുന്ന ഭീകരനെക്കണ്ടപ്പോള്‍ വന്നവണ്ടിയില്‍ത്തന്നെ പാലക്കാട്ടേക്കു വിട്ടോളാന്‍ പറയാനാണ് കമലയ്ക്കു തോന്നിയത്. നടന്‍ നെപ്പോളിയന്റെ ശരീരത്തില്‍ , റോഡുപണിക്കാര്‍ ചോറുവെക്കുന്ന അലുമിനിയക്കലം പോലുള്ള തലപിടിപ്പിച്ച, ഒരു ബകന്‍ . മുതല്‍ മരിയാദയിലെ വിജയകാന്തിന്റെ കളര്‍ ,കപ്പടാ മീശ, മുറുക്കിയ വായ്ക്കകത്ത് ഉരുണ്ടതെന്തോ നുണഞ്ഞുകൊണ്ടിരിക്കുന്നുവെന്ന ചേഷ്ട, ചെങ്കണ്ണു തോറ്റു പോവുന്നത്ര വികാരവിക്ഷുബ്ധമായ കണ്ണുകള്‍ ...വര്‍‌ണ്ണ്യത്തിന്റെ ബാഹുല്യത്തില്‍ കമലയ്ക്കു വീര്‍പ്പുമുട്ടി. പക്ഷേ വിശദീകരണത്തിനായി ഗൌണ്ടര്‍‍ വാ തുറന്നതും കമലയ്ക്കു ശ്വാസം നേരെ വീണു. ജെന്‍ഡര്‍ തെറ്റി പടച്ചതമ്പുരാന്‍ ഫീമെയ്ല്‍ വോക്കല്‍കോര്‍ഡ് പിടിപ്പിച്ച ഒരു പോമറേനിയന്‍‍ ..സ്ത്രീ ശബ്ദം കേട്ട് കമലയ്ക്ക് കര്‍ത്താവിന്റെ ക്രിയയോര്‍ത്ത് സങ്കടം എന്ന കര്‍മ്മം വന്നു.

തലയാളവും മമിഴും ചേര്‍ന്ന് വാല്യക്കാരന്റെ കയ്യിലെ കോളാമ്പിയിലേക്കുള്ള മുറുക്കിത്തുപ്പലുകളുടെ കൂടെ ഗൌണ്ടര്‍‍ കാര്യങ്ങള്‍ പറഞ്ഞു പിടിപ്പിച്ചതില്‍ കമലയ്ക്കു മനസ്സിലായത് ഇതൊക്കെയാണ്‌: പെരിയപ്പ മൂപ്പു കൂടിയ ഐറ്റമാണ്‌. കാച്ചലും ഇരുമ്മലും തുടങ്ങിയിട്ട് കാലം ഇമ്മിണിയായി. ശാപ്പാടിന്റെ കാര്യം പറയുകയേ വേണ്ട. ആയുസ്സാണെങ്കില്‍ സുമ്മാ മിച്ചം കിടക്കുന്നു. ഗ്ലൂക്കോസ്, ഊശി, മാത്രെ ഇതെല്ലാം പോട്ട് അയ്യാവെ ശെരിപ്പെടുത്തണം.

ആമുഖം കഴിഞ്ഞാണ് അപ്പാപ്പനെ പൂമുഖത്തേക്ക് എടുക്കുന്നത്. രണ്ടു തടിമാടന്മാരുടെ കൈകളില്‍ ഒലുമ്പിയിട്ട കരിമ്പടം പോലെ ഞാത്തിയിട്ടാണ് പെരിയവരുടെ വരവ്. ചെവികേള്‍‍ക്കാത്തതു കൊണ്ടാണോ അതോ പറയുന്നത് തെരിയാഞ്ഞിട്ടാണോ എന്നറിയില്ല, ചോദ്യങ്ങള്‍‍ക്കൊക്കെ കണ്ണൂ മിഴിച്ച് ഗഹനമായി നോക്കുന്നതല്ലാതെ, അപ്പാപ്പന്‍ ഒരക്ഷരം പോലും പേശാന്‍ കൂട്ടാക്കിയില്ല. സഹികെട്ട കമല ഉള്ള അറിവുവച്ച്‌ കാച്ചല്‍ , ഇരുമ്മല്‍ തുടങ്ങിയ പദങ്ങളെ വിഗ്രഹിച്ച് പനി, കഫക്കെട്ട് എന്നു പദ്യരൂപത്തിലെഴുതി, ആധുനികവിതകളുടെ ഫൂട്ട്നോട്ടു പോലെ ഇന്‍ജക്‌ഷനുകളുമെഴുതി, തലക്കെട്ടായി ന്യുമോണിയ എന്ന പേരും ചാര്‍ത്തി പെരിയവരെ ഉടനടി വാര്‍ഡിലേക്കു മാറ്റി.

ദിവസം വച്ച് അടിയാളന്മാരുടെ എണ്ണം കുറഞ്ഞു വന്നെങ്കിലും, നിത്യവും ഒരു പീറച്ചെറുക്കന്റെ കൂടെ സൈക്കിളില്‍ ടിഫിനുമായി വന്ന് സിസ്റ്റര്‍മാരോട് കലപിലകൂട്ടുന്ന അന്നക്കിളിയെ കമല ആദ്യമൊക്കെ കണ്ടില്ലെന്നുതന്നെ നടിച്ചു. പാണ്ടികളുടെ ഇടയില്‍ , പഞ്ചാമൃതത്തില്‍ പിണങ്ങി നില്‍ക്കുന്ന പൂവമ്പഴം പോല്‍ ഒരുത്തി. കാച്ചെണ്ണ തേച്ച് വിതര്‍ത്തിട്ട മുടിയില്‍ മുല്ലപ്പൂ ചൂടി, റെക്‌സോണയുടെ ഊഷ്മളമായ ഗന്ധം പരത്തി, കൊലുസിട്ട കണങ്കാലുകള്‍ തറയില്‍ തൊടാതെയെന്നവണ്ണം ഒഴുകിസഞ്ചരിക്കുന്ന കിളി ഗൌണ്ടരുടെ മകളാണെന്ന് മനസ്സിലാക്കാന്‍ കമലയ്ക്ക് വീഗൈഡിന്റെ ആവശ്യമൊന്നും വേണ്ടല്ലോ! മഞ്ഞള്‍ തേച്ചു മിനുസപ്പെടുത്തിയ നനുത്ത കവിളത്ത് തന്നെക്കാണുമ്പോഴൊക്കെ വിളര്‍ച്ച വരുന്നത് കാണാതിരിക്കാന്‍ മാത്രം കഠിനഹ്രൃദയനാണോ കമല?

രാവിലത്തെ ടിഫിനുവേണ്ടി അക്ഷമയോടെ അപ്പാപ്പന്‍ മുക്കിയും മൂളിയുമിരിക്കുമ്പോള്‍ കാത്തിരിപ്പിന്റെ അസ്വസ്ഥതയോടെ ജെല്ലിക്കെട്ടിനിറങ്ങിയ കാളയുടെ മനസ്സുമായി കമല പ്രിസ്ക്രിപ്ഷനുകള്‍ എഴുതിത്തള്ളും. മിക്കപ്പോഴും, രോഗികളില്ലെങ്കില്‍ക്കൂടിയും, അന്നക്കിളിക്കായി വാര്‍ഡ്‌ റൌണ്ട്സിന്റെ സമയം പോലും കമല വൈകിച്ചു തുടങ്ങി. തേവര്‍മകനിലെ കമലയുടെ റോളില്‍ തന്നെ സങ്കല്‍‌പ്പിച്ച് അന്നക്കിളിയോട്‌ സ്വപ്നത്തില്‍ ഇഞ്ചിപ്പാട്ടു പാടിത്തുടങ്ങിയെന്നര്‍ഥം.

എത്തിയാലുടന്‍ , സ്പീഡില്‍ ചവിട്ടാത്തതിനു ചെക്കനെയും സൈക്കിളിനെയും ‍ചീത്തവിളിച്ചുകൊണ്ടാണ് അന്ന വായ്ത്താരി തുടങ്ങുക.‌ വരവറിഞ്ഞാല്‍ , കൈകഴുകാനെന്ന വ്യാജേന വാഷ്ബേസിനടുത്തു ചെന്ന് കമല ജനലിലൂടെ പാളിനോക്കും, അപ്പാപ്പന്‍ ഇന്നെങ്ങനെയുണ്ടെന്നറിയാന്‍ മാത്രം. തീറ്റകൊടുത്ത് അപ്പാപ്പനെ കിടത്തി, ചെക്കനെ ഐസ് വാങ്ങാന്‍ വിട്ടുകഴിഞ്ഞാല്‍ അന്നക്കിളി പിന്നെ ഫ്രീയാണ്. നേഴ്സു വരും മുന്‍പേ‍ റൌണ്ട്സ് തുടങ്ങുന്ന കമല പാണ്ടിപ്പടങ്ങള്‍ കണ്ടു പഠിച്ചെടുത്ത തമിഴുകളെല്ലാം അപ്പാപ്പന്റെ മേല്‍ പ്രയോഗിക്കും. ഡോക്ടര്‍ ചെന്നാല്‍ ജനലിനരികില്‍ ചെന്നു നില്‍ക്കുന്ന പൊണ്ണ്, പുറത്തേക്കു നോക്കി, കാല്‍വിരല്‍കൊണ്ട് നിലത്തു നെല്ല്‌ ചിക്കുന്നതായി നടിക്കും. തന്റെ സിംഹളഭാഷ കേട്ട് ചുണ്ടുകള്‍ അമര്‍ത്തിക്കടിച്ച് ലവള്‍ കുലുങ്ങിച്ചിരിക്കുമ്പോള്‍ ഇം‌പ്രഷന്‍ വന്നുവെന്നതിന്റെ വികാരത്തള്ളിച്ചയില്‍ കമലയാകെ ഉലയും. ഒരു ഗതിയുമില്ലാതെ പെണ്ണ് മലയാളം പഠിക്കാന്‍ തുടങ്ങിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

അന്നമനടയുമായി കൂടുതല്‍ നേരം ചെലവഴിക്കാന്‍ കമല പിന്നീട് ചില നമ്പറുകള്‍ ഇറക്കിയത് വിജയം കണ്ടുവെന്നു പറയാം. മുഴുവന്‍ സമയവും ഇങ്ങനെ കിടന്നാല്‍ കഫം കെട്ടി ചത്തുപോകുമെന്ന് ഭീഷണിപ്പെടുത്തി കിഴവനെ അറ്റന്‍ഡര്‍മാരുടെ സഹായത്തോടെ എണീപ്പിച്ചു നിര്‍ത്തുക, അന്നക്കിളി ഒറ്റയ്ക്കാണെങ്കില്‍ കിഴവനെ താങ്ങിപ്പിടിച്ച് വരാന്തയിലൂടെ നടത്തുക, നടത്തത്തിടെ കളിയായി കൈകള്‍ വിടുക, വീഴാന്‍ പോവുന്ന വൃദ്ധനെ താങ്ങിനിര്‍ത്തുന്നതിനിടെ അബദ്ധത്തിലെന്നോണം വിരലുകള്‍ സ്പര്‍ശിക്കുക തുടങ്ങിയ പുണ്യ പുരാതന ടെക്നിക്കുകള്‍ തന്നെ! അടുപ്പം മൂത്ത് ചക്കപ്പശയും ഈച്ചയും എന്ന ഘട്ടത്തിലെത്തുന്ന നേരമാണ്‌ ചിക്കന്‍ പോക്സ്‌ വില്ലനായി തിരക്കഥയില്‍ കയറുന്നതും അന്നക്കിളിക്ക് ഊരുവിട്ടു തെങ്കാശിക്കു പോവേണ്ടി വരുന്നതും.

കിളിപറന്നുപോയ കൂട്ടില്‍ ഒറ്റപ്പെട്ട വെള്ളപ്പാത്രം പോലെ വരണ്ട മനസ്സുമായി കമല പിന്നീട് കവിതകളെഴുതും. കരളുരുകിയെഴുതിയ ആ പ്രണയകവിതകള്‍ മാഗസിന്‍ എഡിറ്റര്‍മാര്‍ നിഷ്കരുണം ചവറ്റുകൊട്ടയിലേക്കെറിയുമായിരിക്കും; മങ്കൊമ്പ്, പച്ചമുളകുബജ്ജി ചേര്‍ത്തടിച്ച്, അത് സൂപ്പര്‍ഹിറ്റുമാക്കുമായിരിക്കും, എങ്കിലും...

വിരസതയുടെ ദിവസങ്ങളങ്ങനെ ‍ ഫംഗസ് പിടിച്ച കാസറ്റ് പോലെ വലിഞ്ഞു നീങ്ങുന്നതിനിടയില്‍ കഫക്കെട്ടു മാറി പെരിയപ്പ ഡിസ്ചാര്‍ജ്ജു പാകമായി. എടുക്കാന്‍ വന്ന തടിമാടന്മാരെ തള്ളി മാറ്റി മൂപ്പിലാന്‍ യാത്രപോലും പറയാതെ നടന്നുചെന്നു കാറില്‍ക്കയറി. പതിവു പുരുഷാരത്തിന്റെ അകമ്പടിയോടെ അപ്പാവിയെ വീട്ടിലേക്കു കൂട്ടാന്‍ ചെന്ന ഗൌണ്ടര്‍ ‍, ഒരു കദളിക്കുല കാണിക്ക വച്ച്, യാതൊരു മുന്നറിയിപ്പുമില്ലാതെ കമലയെ കെട്ടിപ്പിടിക്കുകയുണ്ടായി. കണ്ണീര്‍ ‌വീണുമുറിഞ്ഞ വാക്കുകള്‍ പുലമ്പിക്കൊണ്ട് ചൂണ്ടുവിരലിലിട്ട സ്വര്‍ണമോതിരം ഊരി കമലയുടെ കൈയില്‍ പിടിപ്പിച്ചാണ് അണ്ണാച്ചി യാത്രയായതു തന്നെ.

ഒരു ന്യുമോണിയ ആംപിസിലിന്‍ കൊടുത്ത് ചികിത്സിച്ചതിന്‌, മോതിരം ഊരിത്തരാന്‍ മാത്രം എന്തു തേങ്ങയാണെന്നു കമല അന്ധാളിച്ച് നില്‍ക്കേ, ദ്വിഭാഷിയായ ഹെഡ് നേഴ്സ് മൊഴിമാറ്റം നടത്തിയതിങ്ങനെ:

"സാറേയ്, കഫക്കെട്ടു മാറിയെയ്നല്ല കേട്ടോ.. കെളവന്‍ തളര്‍‌വാതം പിടിച്ച് നാലഞ്ചുകൊല്ലം അനങ്ങാന്‍ മേലാണ്ടു കെടപ്പാര്‍ന്നൂത്രേയ്...സാറ്‌ മന്ത്രോദ്യ ഏതാണ്ട് കാട്ടി അപ്പാപ്പനെ നടത്തിപ്പിച്ചു വിട്ടില്ലേയ്.. അയ്നാണു പോലും മോയിരം!"