സൈലന്റ് വാലി യാത്ര പലപ്പോഴായി മാറ്റി വയ്ക്കപ്പെട്ട ഒരു കടമാണെനിക്ക്. പഠിക്കുമ്പോഴും, ഹൗസ് സര്‍ജന്‍സിക്കാലത്തും, പിന്നീടു വന്ന ട്രിപ്പുകളിലൊക്കെയും ഓങ്ങുമ്പോഴേയ്ക്കും, കൈയില്‍ നിന്നുമൂര്‍ന്നു പോയ വഴുക്കല്‍ പിടിച്ച ഒരു കല്ലു പോലെ, മാറിപ്പോയ ഒരു യാത്ര. ചെറിയ വിഷമങ്ങളൊക്കെ കാണിച്ചെങ്കിലും സുനു പാക്കിങ്ങ് ഭംഗിയാക്കി; ചാര്‍ജറുകളും സോക്ക്സും മറ്റുമൊക്കെ വിട്ടുപോവാതെത്തന്നെ. മൂന്നേ കാലോടെ ഓഡോമീറ്റര്‍ സെറ്റ് ചെയ്ത് ഇന്നോവയില്‍ കുതിപ്പു തുടങ്ങി. മഴയത്ത് താമരശ്ശേരി ചുരമിറങ്ങുമ്പോള്‍ ടീപിയുടെ കോള്‍, ഗോപാലിന്റെ മാരുതി വേഴ്സയില്‍ ടീം ഷൊര്‍ണൂര്‍ എത്താറായെന്ന്‍. സ്കൂള്‍ വിടുന്ന സമയമായതുകൊണ്ടും കനത്ത മഴ കാരണവും മണിക്കൂറില്‍ അന്‍പത് കിലോമീറ്ററാണ് എന്റെ സ്പീഡ്, മണ്ണാര്‍ക്കാട് വച്ച് കാണാമെന്നാണ് പ്ലാന്‍. സംസാരത്തിനിടെ പൊട്ടിച്ചിരികളും അലര്‍ച്ചയുമൊക്കെ പശ്ചാത്തലത്തില്‍ കേട്ടത് ഒറ്റയ്ക്ക് ഡ്രൈവുചെയ്യുന്ന എന്നെ ഒട്ടൊന്നുമല്ല വിഷണ്ണനാക്കിയത്. യാത്രകളുടെ രസം കൂട്ടായ്മയുടേതാണെന്ന് കോഴ്സ് കഴിഞ്ഞ് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും ഇടയ്ക്കിടെ കൂടുന്ന കമലകളിലൊരാള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. താമരശ്ശേരി, മുക്കം, അരീക്കോട് വഴി മഞ്ചേരിയും പാണ്ടിക്കാട്, മേലാറ്റൂര്‍, അലനല്ലൂര്‍ വഴി മണ്ണാര്‍ക്കാടും നൂറ്റിയിരുപത് കിലോമീറ്റര്‍ രണ്ടര മണിക്കൂറില്‍ ഓടിയെത്തിയ എന്നെ നിരാശനാക്കിക്കൊണ്ട്, കാത്തു നില്‍ക്കാതെ, അവര്‍ ചുരം കയറിത്തുടങ്ങിയിരിക്കുന്നു!
രണ്ടു വര്‍ഷത്തിന്റെ ഇടവേളയില്‍, ജൂലൈമാസം, രണ്ടു പേരാണ് ഞങ്ങളുടെ ബാച്ചില്‍ മരണമടഞ്ഞത്. കഴിഞ്ഞ കുറേ നാളുകളായി മരണം, ആശ്രിതരുടെ 'മരണാനന്തര' ജീവിതം തുടങ്ങിയവ ഞങ്ങളുടെ സംഭാഷണങ്ങളില്‍ പതിവായിരുന്നതിനാല്‍, ആര്‍ക്കും ആരുടെയും കാത്തിരിപ്പു തുണയാവില്ലെന്നും, യു ആര്‍ എലൈവ് ആസ് ലോങ് ആസ് യു ലിവ് എന്നുമൊക്കെ മനസ്സില്‍ പറഞ്ഞു ഞാന്‍ ഫിലോസഫിക്കല്‍ ആയി. പണ്ടെപ്പോഴോ റൈറ്റ് ചെയ്തു വച്ച സിഡിയില്‍ കൈലാഷ് ഖേറിന്റെ അഭൗമ ശബ്ദത്തില്‍ നീഹര്‍വ എന്ന കബീറിന്റെ വരികള്‍ കൂടിയായപ്പോഴേയ്ക്കും ഇനി ഇരുട്ടും മുന്‍പ് കാഴ്ചകള്‍ കണ്ടു രസിച്ചു മതി യാത്രയെന്നും തീരുമാനിച്ചു. ദൂരെ ആകാശത്തെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കല്ലുമലയുടെ തലപ്പ് കോടമഞ്ഞാല്‍ മറഞ്ഞിരിക്കുന്നു.
ചാറ്റല്‍ മഴയെ വകവയ്ക്കാതെ ചില്ലു താഴ്ത്തി മണങ്ങള്‍ ശ്വസിച്ചുകൊണ്ട് അലസമായ ഒരു യാത്ര. സുനുവിനെയും ഗൗതത്തെയും അമേയയെയും ഒപ്പം കൂട്ടിയിരുന്നെങ്കില്‍ എന്നു പലതവണ തോന്നിപ്പോവുന്ന പച്ചപ്പിന്റെ കാഴ്ചകള്‍, കോടമഞ്ഞിന്റെ ഒളിച്ചു കളികള്‍, അരുവികള്‍ കല്ലില്‍ കുത്തിയൊഴുകുന്നതിന്റെ അലയൊലികള്‍. വയനാടന്‍ ചുരത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ട റോഡ്. ഇടയ്ക്കിടെ അലോസരപ്പെടുത്തിക്കൊണ്ട് ഹോണ്‍ മുഴക്കിക്കൊണ്ടിരുന്ന ഒരു അഗളി ബസ്സു കടന്നു പോയതോടെ ചുരത്തില്‍ ചീവീടുകളുടെ ശബ്ദം മാത്രം.
ആറരയ്ക്ക് മുക്കാളി ഐബിയിലെത്തുമ്പോള്‍ ചാറ്റല്‍ മഴ നിന്നിരുന്നു. മുറ്റത്തുള്ള ഔഷധ സസ്യത്തോട്ടത്തില്‍ ഇതുവരെ കാണാത്ത ചെടികള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

നേരെ ഒതുക്കുകളിറങ്ങിച്ചെല്ലുമ്പോള്‍ സന്ധ്യയുടെ നേര്‍ത്ത വെളിച്ചത്തില്‍ അലകളിളക്കിക്കൊണ്ട് കുന്തിപ്പുഴ കുതിച്ചൊഴുകുന്നു. ഉന്മത്തമാകുന്ന കാഴ്ചയാണെങ്കിലും, നുരഞ്ഞൊഴുകുന്ന നദിയുടെ ഞൊറികള്‍ക്കിടയില്‍ അപകടം നഖങ്ങളൊളിപ്പിച്ച് പതിയിരിക്കുന്നുവെന്നതോര്‍ത്തു നടുങ്ങി. കൂടുതല്‍ നേരം നിന്നാല്‍ നദിയുടെ കൈകള്‍ കരയോളം വന്ന് എന്നെ ആലിംഗനം ചെയ്തേക്കുമെന്നും വിവശനായി ഞാന്‍ വീണുപോയേക്കുമെന്നും തോന്നിയപ്പോള്‍ കയറിപ്പോന്നു.

മുറിയില്‍ച്ചെല്ലുമ്പോഴേയ്ക്കും കുടിക്കാന്‍ ചൂടു ചായ കിട്ടിയത് യാത്രാച്ചൊരുക്ക് ഒഴിയാന്‍ സഹായിച്ചു. പതിനഞ്ച് വര്‍ഷമായി ഡെയിലി വേജസ് ബേസിസില്‍ ജോലി ചെയ്യുന്ന ഒരാളായിരുന്നു കുക്ക്. കുന്തിയെന്ന പേരുള്ള മുറിയും മുകളിലെ ഡോര്‍മെട്രിയുമാണ് താമസത്തിന്. ഭവാനിയില്‍ വാര്‍ഡന്‍, വേറെ രണ്ടു കുടുംബങ്ങള്‍ കൂടിയുണ്ട് താമസക്കാരായി.
ബാല്‍ക്കണിയില്‍ മനോജുമൊത്ത് നിന്നപ്പോള്‍ ഇരുട്ടത്ത് കൂടണയാന്‍ വെമ്പിപ്പറന്ന കിളികള്‍ വൃക്ഷത്തലപ്പില്‍ അദൃശ്യരാവുന്നതും വൈകിയതിന് നിര്‍വികാരതയോടെ വൃക്ഷം തലകുലുക്കി ശാസിക്കുന്നതും കണ്ടു.
ഭക്ഷണം കഴിച്ച് ദീപക്കിനെയും ഹോജയെയും അനുസ്മരിച്ച് കുറച്ചു നേരം. മരണവും അതിന്റെ സൈഡ് ഇഫക്റ്റുകളും, നിസ്വാര്‍ഥമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കിടെ കെ.ടിയെ അലോസരപ്പെടുത്തുന്ന നെറികെട്ട ക്യാമ്പെയ്‌നുകള്‍ എന്നിവ പ്രബന്ധങ്ങളായി. ചെടിപ്പു മാറ്റാന്‍ ടീപിയും രഘുവും ടീവിയും ഗോപാലും പാട്ടുകള്‍ പാടിത്തുടങ്ങി. തിലകനും മൂന്നാം പക്കവും നഖക്ഷതങ്ങളും ഇളയരാജയും പദ്മരാജനുമെല്ലാം നിറഞ്ഞ രാത്രി. താളവുമായി ബിനേഷും കെ.പിയും.
ഇടയ്ക്ക് മനോജ് ആതിഥേയനായ കുഞ്ഞച്ചന്‍ ചേട്ടനോട് രാവിലെ വാലിയിലേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ ആരായാന്‍ പോയതൊഴിച്ചാല്‍ രാത്രി കമല ക്ലബ്ബ് അതിന്റെ എല്ലാ പ്രതാപങ്ങളോടെയും ആഘോഷമാക്കി മാറ്റി. കുന്തിപ്പുഴയുടെ ഇരമ്പലും ചീവീടുകളും ഇലച്ചാര്‍ത്തുകളില്‍ ഇടയ്ക്കു ചിന്നുന്ന നനുത്ത മഴയും കാലം തെറ്റി പൂത്ത കാട്ടുചെമ്പകത്തിന്റെ മാദക ഗന്ധവും...അവിസ്മരണീയമായ മറ്റൊരു രാത്രി കൂടി.
(തുടരും..)