

സൈരന്ധ്രിയിലെ വാച്ച് ടവര്‍ എത്തിയപ്പോഴേയ്ക്കും മഴ തോര്‍ന്നു .

തെളിച്ചം കുറവെങ്കിലും പ്രകൃതി കനിഞ്ഞിരിക്കുന്നു. മനോജും ഗോപാലും കിതച്ചുകൊണ്ട് ഞാനും മുകള്‍ വരെ കയറി. ബാക്കിയുള്ളവര്‍ പാതിയില്‍ നിര്‍ത്തി.

ജീവിതത്തില്‍ കണ്ടതിലേറ്റവും മനോഹരമായ പ്രകൃതി ദൃശ്യം കണ്മുന്നില്.

നാലു ചുറ്റിലും പച്ചപ്പിന്റെ പ്രളയം.

തെളിഞ്ഞും കോടയില്‍ മറഞ്ഞും മലനിരകള്‍..
തണുത്ത് ശക്തിയേറിയതെങ്കിലും വിശുദ്ധിയുടെ ഗന്ധമുള്ള കാറ്റ്.

മലയിടുപ്പുകള്‍ക്കിടയില്‍ ഒരു വെള്ളിയരഞ്ഞാണം പോല്‍
കുന്തിപ്പുഴ ഒഴുക്കു തുടങ്ങുന്നത് മഞ്ഞില്‍പ്പുതഞ്ഞു കാണാം..



നിര്‍ന്നിമേഷരായി നോക്കിക്കൊണ്ടു നില്‍ക്കേ, മഴവരുന്നതുപോലെ
കോടയിറങ്ങി ഞങ്ങളെപ്പൊതിഞ്ഞു.
മഞ്ഞിന്റെ ആശ്ലേഷണത്തില്‍ മനം നിറഞ്ഞ്, സര്‍വവും വിസ്മരിച്ച്, തുള്ളിച്ചാടിക്കൊണ്ട് മനോജ്.

കാറ്റിന്റെ ശക്തിയിലോ, മനസ്സിന്റെ ലഘുത്വത്തിലോ
പൊങ്ങിപ്പോവുന്നുവെന്ന തോന്നല്‍....
അവിസ്മരണീയമായ കാഴ്ചനിമിഷങ്ങള്‍..



അപാരമായ പ്രകൃതിയുടെ മുന്പില് വിനീതനായി ഏതു മനുഷ്യനും ഒരു വേള ധ്യാനനിമഗ്നനായിപ്പോവും. എങ്കിലും ലൗകിക ജീവിതത്തിന്റെ രാവണന് കോട്ടയില്‍ നിന്നും ഏറെ പുറത്തല്ല എന്നോര്‍മ്മിപ്പിച്ചു കൊണ്ട് എപ്പോഴോ മനോജിന്റെ ബ്ലാക്ക് ബെറി ശബ്ദിച്ചു. ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ ഏതോ ഒരു മനുഷ്യന്റെ കുഴഞ്ഞു മറിഞ്ഞ ഹൃദയതാളങ്ങള്‍ മനോജിനെ കാഴ്ചകളില്‍ നിന്നു വേര്‍പെടുത്തി.


ദൃശ്യമെന്നതു പോലെ കാഴ്ചയെന്നതും ആപേക്ഷികം.
പങ്കിട്ട നിമിഷങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ട്?
പ്രകൃതിയുടെ അപാരതയെ തിരസ്കരിച്ച കെ.പിയ്ക്ക് നഷ്ടമായതെന്തെന്ന്
എങ്ങനെ പറഞ്ഞു മനസ്സിലാക്കും?
ടവറിന്റെ പാതി വഴിയില്ന് തങ്ങി ഇറങ്ങിപ്പോയ നാലുപേരേക്കാള്‍
കൂടുതല്‍ ഞങ്ങളെന്തു നേടി?

ഞാനാര്, നിങ്ങളാര് ?
മരണശേഷം അവശേഷിപ്പിച്ചു പോവുന്നതു മാത്രമാണോ ജീവിതമെന്നത്?