രണ്ടു വര്‍ഷത്തിന്റെ ഇടവേളയില്‍, ജൂലൈമാസം, രണ്ടു പേരാണ് ഞങ്ങളുടെ ബാച്ചില്‍ മരണമടഞ്ഞത്. വെരിക്കോസ് വെയിന്‍ അബ്ലേഷന്‍ കഴിഞ്ഞ് പള്‍മണറി എംബോളിസം വന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യോളജിസ്റ്റായിരുന്ന ദീപക് ഹര്‍ഷന്‍ ആദ്യവും വന്‍കുടലിലെ കാന്‍സര്‍ വന്ന് പെരിന്തല്‍മണ്ണയിലെ പ്രമുഖ ഓര്‍ത്തോപീഡീഷ്യനായ നസറുദ്ധീന്‍ ഇപ്പോഴും. കഴിഞ്ഞ കുറേ നാളുകളായി മരണം, ആശ്രിതരുടെ 'മരണാനന്തര' ജീവിതം തുടങ്ങിയവ ഞങ്ങളുടെ സംഭാഷണങ്ങളില്‍ പതിവായിരുന്നതിനാല്‍, ആര്‍ക്കും ആരുടെയും കാത്തിരിപ്പു തുണയാവില്ലെന്നും, യു ആര്‍ എലൈവ് ആസ് ലോങ് ആസ് യു ലിവ് എന്നുമൊക്കെ മനസ്സില്‍ പറഞ്ഞു ഞാന്‍ ഫിലോസഫിക്കല്‍ ആവാന്‍ ശ്രമിച്ചു. പണ്ടെപ്പോഴോ റൈറ്റ് ചെയ്തു വച്ച സിഡിയില്‍ കൈലാഷ് ഖേറിന്റെ അഭൗമ ശബ്ദത്തില്‍ നീഹര്‍വ എന്ന കബീറിന്റെ വരികള്‍ കൂടിയായപ്പോഴേയ്ക്കും ഇനി ഇരുട്ടും മുന്‍പ് കാഴ്ചകള്‍ കണ്ടു രസിച്ചു മതി യാത്രയെന്നും തീരുമാനിച്ച് വേഗം കുറച്ചു.ആറരയ്ക്ക് മുക്കാളി ഐബിയിലെത്തുമ്പോള്‍ ചാറ്റല്‍ മഴ നിന്നിരുന്നു. മുറ്റത്തുള്ള ഔഷധ സസ്യത്തോട്ടത്തില്‍ ഇതുവരെ കാണാത്ത ചെടികള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
വരാന്തയില്‍ എത്തുമ്പോഴേയ്ക്കും ചിരിയുടെ ചില്ലുകള്‍ വീണുടയുന്ന ശബ്ദം. ക്ലബ്ബ് ഔദ്യോഗികമായി ചേര്‍ന്നിരിക്കുന്നു. ബാഗുകള്‍ ഇറക്കുമ്പോഴേയ്കും ചൂടു ചായ കിട്ടിയത് യാത്രാച്ചൊരുക്ക് ഒഴിയാന്‍ സഹായിച്ചു. പതിനഞ്ച് വര്‍ഷമായി ഡെയിലി വേജസ് ബേസിസില്‍ ജോലി ചെയ്യുന്ന ഒരാളായിരുന്നു കുക്ക്. കുന്തിയെന്ന പേരുള്ള മുറിയും മുകളിലെ ഡോര്‍മെട്രിയുമാണ് താമസത്തിന്. ഭവാനിയെന്ന തൊട്ടടുത്ത മുറിയില്‍ വാര്‍ഡന്‍, വേറെയൊരു കുടുംബം കൂടിയുണ്ട് അപ്പുറത്ത് താമസക്കാരായി.ബാല്‍ക്കണിയില്‍ മനോജുമൊത്ത് നിന്നപ്പോള്‍ ഇരുട്ടത്ത് കൂടണയാന്‍ വെമ്പിപ്പറന്ന കിളികള്‍ വൃക്ഷത്തലപ്പില്‍ അദൃശ്യരാവുന്നതും വൈകിയതിന് നിര്‍വികാരതയോടെ വൃക്ഷം തലകുലുക്കി ശാസിക്കുന്നതും കണ്ടു.
സൈലന്റ് വാലിയില്‍ എട്ടുമണിക്കാണ് ഔദ്യോഗിക പ്രവേശമെങ്കിലും, നേരത്തെ പോയാല്‍ മാത്രമേ മൃഗങ്ങളെ കാണാന്‍ പറ്റൂവെന്നതിനാല്‍ ഏഴുമണിക്ക് തന്നെ എഴുന്നേറ്റു.തെളിഞ്ഞ പ്രഭാതം, മുറ്റത്തെ മരത്തലപ്പുകളില്‍ക്കൂടി ഉദയസൂര്യന്റെ വജ്രകിരണങ്ങള്‍ ഭൂമിയെത്തിരഞ്ഞു നടക്കുന്നു. രാത്രി മലയില്‍ മഴ കുറഞ്ഞതുകൊണ്ടാവണം, ശബ്ദം കുറച്ച് ഭവാനിപ്പുഴ ഉല്ലസിച്ചൊഴുകുകയാണ്. തോര്‍ച്ചയില്‍ തേന്‍ തേടി പുള്ളിപ്പൂമ്പാറ്റകള്‍ പൂക്കളിലേയ്ക്ക്. സൂര്യനു പുറം തിരിഞ്ഞ് ധൃതിയില്‍ വലനെയ്ത് ഇരയെക്കാത്തിരിക്കുന്ന ഒരു വരയന്‍ ചിലന്തി.. വിശുദ്ധമായ മണങ്ങള്‍; മണ്ണിന്റെ, മരത്തിന്റെ, കാറ്റിന്റെ.... വശ്യമായ വന്യത.

എട്ടരയോടെ ജീപ്പു വന്നു. കെ.പി നീലേശ്വരത്തേക്കു ബുക്കുചെയ്തിട്ടുള്ള ട്രെയിന്‍ കിട്ടില്ലായെന്നു പറഞ്ഞ് ഒഴിവായി. ആവത് പരിശ്രമിച്ചിട്ടും തീരുമാനത്തില്‍ നിന്നും പിറകോട്ടില്ല ചങ്ങാതി. എത്രയോ ട്രെയിനുകള്‍ എത്രയെത്ര സ്റ്റേഷനുകളിലൂടെ ഓടിപ്പോയിരിക്കുന്നു. നമ്മുടെ പാളത്തില്‍ ഇന്നുള്ളത് ഒരു അസുലഭ വണ്ടിയല്ലേ; ഒറ്റപ്പാളങ്ങലിലൂടെ കമല ക്ലബ്ബ് എത്ര ഓടിയിരിക്കുന്നുവെങ്കിലും അവനോര്‍ക്കാമായിരുന്നു!
കുറച്ചിട ചെന്നപ്പോള്‍ സൈലന്റ് വാലിയിലേക്കുള്ള പ്രവേശന കവാടത്തിലെത്തി.അനുമതി ലഭിച്ചു കഴിഞ്ഞ് വാലിയിലേക്കുള്ള യാത്ര തുടങ്ങി; ഗിരിജന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലയിലൂടെ, മെറ്റല്‍ റോഡിലൂടെ കയറ്റങ്ങള്‍, വളവുകള്‍. വൈത്തിരി സുഗന്ധഗിരിയിലെന്ന പോലെ, കുരുമുളകും കാപ്പിയും ഏലവും കൃഷിയിറക്കി ആദിവാസികള്‍ വസിക്കുന്ന ഇടം. താഴ്വരയില്‍ അഹാഡ്സ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് വീടുകള്‍. ചിലയിടങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുത വേലികള്‍. മുമ്പവിടെ ആനയിറങ്ങി ഒരാളെ ചവിട്ടിക്കൊന്നതിന്റെ പ്രതിഷേധം കാരണമാണ് കമ്പിവേലികള്‍ സ്ഥാപിച്ചതത്രെ. വയനാട്ടിലെ കൃഷിയിടങ്ങളിലെ വൈദ്യുത വേലി ആനകള്‍ എത്രയോ വട്ടം ചവിട്ടിപ്പൊളിച്ചിരിക്കുന്നുവെന്ന് പുഞ്ചിരിയോടെ മനസ്സിലോര്‍ത്തു.
ഇടയ്ക്ക് താഴ്‌വാരങ്ങളില്‍ വൃക്ഷത്തലപ്പുകളില്‍ പക്ഷിക്കൂട്ടങ്ങളുടെ ചിലപ്പുകള്‍.
കൃഷിയിടങ്ങള്‍ കഴിഞ്ഞ് കയറ്റം തുടങ്ങിയപ്പോഴെയ്ക്കും മഴ ചാറിത്തുടങ്ങി. തണുപ്പേറുന്നു, കോടയില്‍ മുങ്ങിയ വഴി. കാടിനു കനം വച്ചു വരുന്നു.
ഇടയില്‍ വഴിയരികില്‍ ഒരു വെള്ളച്ചാട്ടം കണ്ടപ്പോള്‍ മഴ വകവയ്ക്കാതെ ഒരു ഫോട്ടോ സെഷന്‍. ജീപ്പില്‍ തിരികെക്കയറിയപ്പോള്‍ പാന്റിലും കാലിലും തൂങ്ങിപ്പിടിച്ച് അതിഥിയാത്രക്കാര്‍: അട്ടകള്‍. യാത്ര പ്ലാന്‍ ചെയ്തപ്പോഴേ മനോജാണ് പുകയിലയും ഉപ്പും കൊണ്ടുവരാമെന്നേറ്റത്. ഏറ്റതല്ലേ, അദ്ദേഹമത് കൊണ്ടുവരികയും സെയ്ഫായി കാറില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്; മുക്കാളിയില്‍! ചിരികള്‍, കുടച്ചിലുകള്‍, സീല്‍ക്കാരങ്ങള്‍, അട്ടകളുടെയും കമലകളുടെയും. അട്ടഹാസമെന്നതിന് രഘുവിന്റെ പുതിയ നിര്‍വചനം: തടിച്ചൊരു ഞരമ്പിനടുത്ത് ഇടം കിട്ടിയ അട്ടയുടെ ചുണ്ടില്‍ വിരിയുന്ന മൃദു മന്ദഹാസമാണു പോല്‍, അട്ട'ഹാസം'!
കുറച്ചിട ചെന്നപ്പോള്‍ മരത്തലപ്പുകളില്‍ ഒരു മിന്നായം. നിര്‍ത്തിയിറങ്ങിയപ്പോഴേയ്ക്കും ഒരു സിംഹവാലന്‍, നിഴല്‍ പോലെ, അകലെയെത്തിയിരിക്കുന്നു. ചക്കപോലെയുള്ള ഒരു കായുണ്ടാവുന്ന മരങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീണുപോയ ഒരു വന്‍മരം കേടുപാടുകളൊന്നും കൂടാതെ വഴിയരികില്‍ കിടക്കുന്നു. സ്വാഭാവികമായ വനവും ആവാസ വ്യവസ്ഥയുമാണ് പരിരക്ഷിക്കപ്പെടുന്നതെന്ന് ഗൈഡ്. വനവല്‍ക്കരണമല്ല, വന സംരക്ഷണമാണ് സൈലന്റ് വാലിയാകെ.
മുന്നില്‍ വഴിയുടെ വശങ്ങളില്‍ പുല്ലുകള്‍ വളര്‍ന്നയിടത്ത് വണ്ടി നിര്‍ത്തി സന്തോഷ് പുറത്തിറങ്ങി. ഒച്ചയുണ്ടാക്കരുത്, മൃഗങ്ങള്‍ ഓടിയകലുമെന്നു മുന്നറിയിപ്പോടെ. പതുക്കെ നടന്ന് ഒരു മരത്തിനടുത്തെത്തിയപ്പോള്‍ ഒരു സിംഹ വാലനും അടുത്ത മരത്തില്‍ കരിങ്കുരങ്ങുകളുടെ കൂട്ടവും.
മഴ വകവയ്ക്കാതെ ക്യാമറ ഉയര്‍ത്തിയപ്പോഴെക്കും ജീപ്പിനടുത്തുനിന്നും ടീപിയുടെ ദീനരോദനവും രഘുവിന്റെ പൊട്ടിച്ചിരിയും: പുല്‍ത്തലപ്പുകളില്‍ നിന്നും അട്ടകള്‍ കഴുത്തു തിരഞ്ഞു വരുന്നത്രെ. തിരിഞ്ഞു നോക്കി വീണ്ടും ഫോക്കസ് ചെയ്യുമ്പോഴേയ്ക്കും ശബ്ദം കേട്ട് കുരങ്ങുകള്‍ ഉള്ക്കാട്ടിലേക്കു വലിഞ്ഞു കളഞ്ഞു. കാണാനൊത്തതിന്റെ സന്തോഷം, പകര്‍ത്താനാവാത്തതിന്റെ ഇച്ഛാഭംഗം!
കോര്‍ സോണിലേക്കുള്ള കവാടം കോടമഞ്ഞില്‍ മുങ്ങിയിരിക്കുന്നു. വേനലിലായിരുന്നെങ്കില്‍ ഒന്നര കിലോമീറ്റര്‍ കൂടി ഉള്ളിലേയ്ക്കു പോവാമായിരുന്നുവെന്ന് ഗൈഡ്. മഴക്കാലത്ത് മഞ്ഞില്‍ പതുങ്ങിയിരിക്കുന്ന ഒറ്റയാന്മാര്‍ ഒഴിയാന്‍ ഇടതരാതെ ആക്രമിച്ചേക്കുമെന്നതിനാല്‍ പുഴവരെയും അതിലുള്ള തൂക്കുപാലം വരെയും പെര്‍മിഷന്‍ ഇല്ലത്രെ.
സൈരന്ധ്രിയിലെ വാച്ച് ടവര്‍ എത്തിയപ്പോഴേയ്ക്കും മഴ തോര്‍ന്നിരിക്കുന്നു . തെളിച്ചം കുറവെങ്കിലും പ്രകൃതി കനിഞ്ഞിരിക്കുന്നു. മനോജും ഗോപാലും കിതച്ചുകൊണ്ട് ഞാനും മുകള്‍ വരെ കയറി. ബാക്കിയുള്ളവര്‍ പാതിയില്‍ നിര്‍ത്തി.
ജീവിതത്തില്‍ കണ്ടതിലേറ്റവും മനോഹരമായ പ്രകൃതി ദൃശ്യം കണ്‍മുന്നില്‍. നാലു ചുറ്റിലും പച്ചപ്പിന്റെ പ്രളയം.തെളിഞ്ഞും കോടയില്‍ മറഞ്ഞും മലനിരകള്‍..
മലയിടുപ്പുകള്‍ക്കിടയില്‍ ഒരു വെള്ളിനൂലു പോല്‍
കുന്തിപ്പുഴ ഒഴുക്കു തുടങ്ങുന്നത് മഞ്ഞില്‍പ്പുതഞ്ഞു കാണാം..
കോടയിറങ്ങി ഞങ്ങളെപ്പൊതിഞ്ഞു.
കാറ്റിന്റെ ശക്തിയിലോ, മനസ്സിന്റെ ലഘുത്വത്തിലോ
പൊങ്ങിപ്പോവുന്നുവെന്ന തോന്നല്‍....
അവിസ്മരണീയമായ കാഴ്ചനിമിഷങ്ങള്‍..
അപാരമായ പ്രകൃതിയുടെ മുന്‍പില്‍ വിനീതനായി ഏതു മനുഷ്യനും ഒരു വേള ധ്യാനനിമഗ്നനായിപ്പോവും.
പങ്കിട്ട നിമിഷങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ട്?
പ്രകൃതിയുടെ അപാരതയെ തിരസ്കരിച്ച കെ.പിയ്ക്ക് നഷ്ടമായതെന്തെന്ന്‍
എങ്ങനെ പറഞ്ഞു മനസ്സിലാക്കും?
ടവറിന്റെ പാതി വഴിയില്‍ന്‍ തങ്ങി ഇറങ്ങിപ്പോയ നാലുപേരേക്കാള്‍
കൂടുതല്‍ ഞങ്ങളെന്തു നേടി?
ഞാനാര്, നിങ്ങളാര് ?
മരണശേഷം അവശേഷിപ്പിച്ചു പോവുന്നതു മാത്രമാണോ ജീവിതമെന്നത്?
എഡിറ്റഡ് റീപോസ്റ്റ്..ടെക്സ്റ്റും ചിത്രങ്ങളും കുറച്ചു മാറ്റങ്ങളോടെ
ReplyDelete