Monday, January 7, 2013

ഞങ്ങളും അന്നയും റസൂലും നിങ്ങളും

അതി സുന്ദരങ്ങളായ അനേകം ഫ്രെയിമുകള്‍. അഭിനയമെന്നു തോന്നിപ്പിക്കാത്ത, ജീവിതത്തിലേതെന്നതുപോല്‍ അനായാസമായി രേഖപ്പെടുത്തപ്പെട്ട മുഹൂര്‍ത്തങ്ങള്‍. നുരയും പതയുമല്ലാതെ എരിവും പുളിയും ഉപ്പും ചവര്‍പ്പുമുള്ള ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. കയ്യടക്കത്തോടെ ഛായാഗ്രഹണവും സം‌വിധാനവും ചെയ്യപ്പെട്ട ഒരു സിനിമ. ഒട്ടും മുഷിപ്പിക്കാത്ത, ദൈര്‍ഘ്യമേറിയതെന്ന് സിനിമ തീര്‍ന്ന് വാച്ചുനോക്കുമ്പോള്‍ മാത്രം വെളിപ്പെടുന്ന, ഊറിച്ചിരിക്കും പൊട്ടിച്ചിരികള്‍ക്കുമിടയില്‍ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പെട്ടുപോകലുകളുടെയും കഥ ഹൃദ്യമായി പറഞ്ഞിരിക്കുന്ന, ഒരു നല്ല സിനിമാനുഭവം. സിനിമയെന്നത് കാഴ്ചയോ അതിലുപരി അനുഭവങ്ങളിലൂടെയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ  സഞ്ചാരമോ ആണെങ്കില്‍, രാജീവ് രവിയുടെ അന്നയും റസൂലും നിങ്ങള്‍ക്കുള്ളതാണ്.


കിറുകൃത്യമായ കാസ്റ്റിങ്ങ്. ഒഴുക്കുള്ള, തെളിമയുള്ള, ആര്‍ജ്ജവമായ, അതിഭാവുകത്വമില്ലാത്ത അഭിനയം. സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ഫഹദ് ഫാസില്‍, ഇതുവരെയുള്ള മലയാളസിനിമയിലെ, ഏറ്റവും സ്വാഭാവികതയുള്ളൊരു കാമുകനാവുന്നു. ആകസ്മികമായ കണ്ടുമുട്ടല്‍, ആദ്യ നോട്ടത്തില്‍ നെഞ്ചിലുടക്കുന്ന അനുരാഗത്തിന്റെ കൊളുത്ത്, അടുക്കാനുള്ള വെമ്പല്‍, അടുത്തു കിട്ടുമ്പോള്‍ വിയര്‍പ്പുപൊടിയുന്ന വിറയല്‍, വിവശമായ രാപ്പകലുകള്‍, ഏകാഗ്ര ധ്യാനം പോലെ സിരയില്‍ ഉറയുന്ന, സര്‍‌വ്വവും വിസ്മരിപ്പിക്കുന്ന പ്രണയം. സൂക്ഷ്മമായ മാനറിസങ്ങളിലൂടെ, വഴുക്കല്‍ പിടിച്ച മലയാള മെലോഡ്രാമയില്‍ തെന്നിവീഴാതെ,  തന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷം ഫഹദ് ചെയ്തിരിക്കുന്നു.


വാരി വലച്ചലയ്ക്കുന്ന സംഭാഷണങ്ങളില്ലാതെ മിക്കവാറും മൗനത്തിലുറഞ്ഞ് പ്രണയമേറ്റുവാങ്ങുന്ന അന്ന.  മൗനത്തിനും ആംഗ്യത്തിനുമിടയില്‍ വാചാലമാവുന്ന അര്‍ത്ഥ തലങ്ങള്‍.

പ്രണയം മാത്രമല്ല, ജീവിതം കരുപ്പിടിക്കുന്നതിനിടയില്‍ ഊരാക്കുടുക്കുകളില്‍‌പ്പെട്ട് ജ്വലിച്ചൊടുങ്ങുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യൗവനങ്ങള്‍, കെട്ടുകളില്ലാത്ത സൗഹൃദം, പക, ആവേശങ്ങളുടെ നിരര്‍ത്ഥകത; കൊച്ചിയിലും വൈപ്പിനിലും മട്ടാഞ്ചേരിയിലും മാത്രമല്ല ഇതു നടക്കുക. അഭിനയിച്ചതില്‍ ആഷിക് അബു, രഞ്ജിത് എന്നിവരടക്കമുള്ള സം‌വിധായകരായാലും, സണ്ണി വെയ്ന്‍ അടക്കമുള്ള  മറ്റു നടീനടന്മാരായാലും നാട്ടുകാരായാലും സ്വാഭാവികമായ ചുറ്റുപാടുകളില്‍ അതിനനുസരിച്ച് പെരുമാറുന്നുവെന്നേ കാഴ്ചക്കാരനു തോന്നൂ. അതിനുള്ള സ്വാതന്ത്ര്യമോ സാഹചര്യമോ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായിരുന്നിരിക്കണം.


ജീനിയസ്സായ ജോണ്‍ അബ്രഹാമിന്റെ കാസ്റ്റിങ്ങില്‍ പ്രഥമസ്ഥാനത്തെത്തിയിട്ടും, നായക വേഷം ചെയ്തിട്ടും, സിനിമയില്‍ സജീവമാവാതിരുന്ന ജോയ് മാത്യു, 'അമ്മ അറിയാന്‍' സില്‍‌വര്‍ ജൂബിലി തികയ്ക്കുന്ന സമയത്ത് തന്റെ രണ്ടാമത്തെ വേഷം ചെയ്തിരിക്കുന്നത് അന്നയുടെ മൂകനായ അച്ഛനായിട്ടാണെന്നത് യാദൃശ്ചികമാണോ?  ഇരുട്ടില്‍ ഇടവഴിയിലൂടെ പാത്തു വരുന്ന റസൂലിന്റെ മുന്‍പില്‍ ഗെയിറ്റ് പിടിച്ചുള്ള നില്‍പ്പില്‍ തുടങ്ങി,  സംഭാഷണങ്ങളില്ലെങ്കില്‍ത്തന്നെയും തുടര്‍ന്നു വരുന്ന ഏതാനും സീനുകള്‍കൊണ്ട്   ശക്തമായ സാന്നിധ്യമായി ജോയ് മാത്യു കഥയില്‍ ഇടപെട്ടുകൊണ്ടു തന്നെ നിറഞ്ഞു നില്‍ക്കുന്നുണ്ട് .  വിട്ടുനിന്നതിന്റെ കാരണം (പ്രതിഭയില്ലാത്തതുകൊണ്ടായിരിക്കില്ല, ആദ്യ സം‌വിധാന സംരംഭമായ ഷട്ടര്‍ കഴിഞ്ഞ ചലച്ചിത്രമേളയില്‍ ഓഡിയന്‍സ് അവാര്‍ഡ് നേടിയതോര്‍ക്കുക) അര്‍ഥഗര്‍ഭമായ മൗനത്തിലൊളിപ്പിച്ചുകൊണ്ടു തന്നെ!


ഇടവഴികളിലും കായലിലും കടത്തു ബോട്ടിലും മേനകയിലുമൊക്കെ മധു നീലകണ്ഠന്‍ എന്ന സര്‍ഗ്ഗധനനായ ഛായാഗ്രാഹകന്‍റെ കയ്യൊപ്പു പതിഞ്ഞിരിക്കുന്നതു കാണാം. കത്തിച്ചുവച്ച തിരികളില്‍ നിന്നു കൊളുത്തിയ മെഴുകുതിരി നാളത്തില്‍ അന്നയുടെ മുഖം ദീപ്തമാവുന്നതും, പള്ളിപ്പെരുന്നാളിന്റെയും ട്രിപ്പിളടിച്ചുള്ള ബൈക്ക് യാത്രയുടേയും തെരുവിന്റെയും വിളക്കുകാലിന്റെയുമൊക്കെ  മനോഹര ചിത്രങ്ങളും.. സ്വാഭാവിക വെളിച്ചത്തില്‍ ചിത്രീകരിച്ചവയെന്നറിയുമ്പോള്‍ ഫ്രെയിമുകളുടെ മാറ്റുകൂടുന്നുവെന്ന് പറയേണ്ടതില്ലല്ലോ!


മലയാളത്തില്‍ ക്ളാസ്മേറ്റ്സ്, ഇവന്‍ മേഘരൂപന്‍, ഹിന്ദിയില്‍  ചാന്ദ്നി ബാര്‍, ഗുലാല്‍, ദേവ്. ഡി, ദാറ്റ് ഗേള്‍ ഇന്‍ യെലോ ബൂട്ട്സ്, ഗാങ്സ് ഓഫ് വാസിപൂര്‍ തുടങ്ങിയവയുടെ ഛായാഗ്രാഹകനായിരുന്ന പ്രതിഭാധനനായ രാജീവ് രവി ഒരുക്കിയ അന്നയും റസൂലും ഹൃദ്യമായ ഒരു സിനിമാനുഭവമാണ്.

 
കഥയും പാത്രസൃഷ്ടിയും കഥപറച്ചിലിന്റെ രീതിയും അതിനെടുക്കുന്ന സമയവുമെല്ലാം സം‌വിധായകന്റെ സ്വാതന്ത്ര്യമെന്നു സമ്മതിച്ച് മുന്‍‌വിധികളൊന്നും കൂടാതെ സിനിമ കാണാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍,  പ്രണയമെന്നത് കാമുകന്‍ പാട്ടുപന്യസിക്കാതെയും തോഴിമാര്‍ ആടിപ്പാടാതെയും അനുഭവവേദ്യമാക്കാമെന്നു നിങ്ങള്‍ കരുതുന്നെങ്കില്‍, ശബ്ദമെന്നത് നിശബ്ദത കൂടി ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്നെങ്കില്‍ ഈ സിനിമ നിങ്ങളെ വിനോദിപ്പിക്കും; മധുരമുള്ളൊരു വിസ്മയമായി നിങ്ങള്‍ക്കതു അനുഭവപ്പെടുകയും ചെയ്യും!
1 comment:

കമന്റുകള്‍....