Wednesday, October 15, 2008

കമല കഥകള്‍ ‍- വാല്യം അഞ്ച്- ഫാര്‍‌മക്കോപ്പിയ

ഫാര്‍മക്കോളജി ലാബില്‍ ചീനപ്പാത്രത്തില്‍ കാര്‍മിനേറ്റീവ് മിക്സ്ചര്‍ കലക്കേണ്ടതായിരുന്നു കമല. നേരം ഊണുകഴിഞ്ഞ ഉച്ച, ഇരിപ്പ്‌ ഫാനിനു കീഴെ, ഗൗരവമില്ലാത്ത സംഗതിയെന്നതിനാല്‍ ലാബില്‍ സൂപ്പര്‍‌വിഷനു പീജിപ്പിള്ളേര്‍ മാത്രം.. അങ്ങനെ എല്ലാം ഒത്തുകിട്ടുകയെന്ന അസുലഭ ഭാഗ്യത്തിന്റെ തേരിലേറി കമല ഒന്നു മയങ്ങിപ്പോയെന്നത് നേര്‌.

ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ മരക്കസേരയില്‍ ചാഞ്ഞുകിടന്ന്‌, പഴയ തമിഴ് സിനിമയില്‍ വില്ലന്‍ വെടിയേറ്റു മലച്ചുകിടക്കുന്നപോലെ, കോട്ടിന്റെ പോക്കറ്റില്‍ കൈയുമിട്ടു വായും പൊളിച്ച് നിദ്രപൂണ്ടതായിരുന്നു കമല. തരുണീമണികള്‍ കലപിലകൂട്ടിക്കൊണ്ട് പിപ്പറ്റെടുത്ത് നിലത്തിട്ടതോ, കഷ്ണങ്ങള്‍ വാരി മുമ്പില്‍ കൊണ്ടിട്ടതോ കമല അറിഞ്ഞതുമില്ല.

സ്വതസിദ്ധമായ ശൈലിയില്‍ കൂര്‍ക്കം വിട്ടുകൊണ്ട്‌ ഉറങ്ങിയ കമല ഉറക്കമുണര്‍ന്നത് മുഖത്ത് മഴ പെയ്യുന്നതായി സ്വപ്നം കണ്ടപ്പോഴാണ്‌. മഴയുടെ കൂടെ മിന്നലും ഇടിവെട്ടുമുണ്ടായിരുന്നുവെന്നു മാത്രം. വയറുനിറച്ച് ചീത്തയും കൊടുത്തുകൊണ്ട് പ്രൊഫെസ്സര്‍ ലാബില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ കമലയ്ക്ക് ഒന്നും മനസ്സിലായില്ല. ക്ലബ്ബിന്റെ മാനംകാക്കാന്‍ വേണ്ടി, ഇറക്കി വിട്ടതല്ല, പാസ്റ്റ് പെര്‍ഫെക്‍റ്റ് കണ്ടിന്യുവസ് ടെന്‍സില്‍ , സ്വയം ഇറങ്ങിപ്പോന്നതാണെന്നു വരുത്തി, അഭിമാനത്തോടെ, കണ്ണും തിരുമ്മി നെഞ്ചും വിരിച്ച് ഇറങ്ങിയ കമലയ്ക്ക്, ഇരുന്നുറങ്ങിയതിനു മാത്രല്ല, ഉപകരണമുടച്ചതിനു കൂടിയാണു ശിക്ഷയെന്നതു പിന്നീടാണു മനസ്സിലായത്.

ചായവെള്ളം തിളക്കുന്നതിനു മുന്‍പ് മെസ്സില്‍ ചെന്നതിന്, മനസ്സില്‍ തെറിവിളിച്ചുകൊണ്ടാണെങ്കിലും, ചോറു പാത്രം മോറുന്നതു നിര്‍ത്തി അന്ത്രുമാന്‍ കുശലവുമായി കുണുങ്ങിയെത്തി. 'ഓ, പ്രാക്റ്റിക്കല്‍ ഇന്നു നേരത്തെ തീര്‍ന്നു' വെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി, 'എന്നിട്ടു മറ്റുള്ളോരേടെ' എന്നു തുടങ്ങുന്ന ചോദ്യങ്ങള്‍ക്കു വഴി തെളിക്കുമെന്നറിയാമായിരുന്നതിനാല്‍ ‍, കമല ഇറങ്ങി പോര്‍ട്ടിക്കോയില്‍ ചെന്നിരുന്നു. രാവിലെ, തിയറിക്ലാസില്‍ പോവാതെ, വായിച്ചു മന:പാഠമാക്കിയ ദിനപത്രങ്ങളിലൂടെ ഒരാവര്‍ത്തി കൂടി കണ്ണോടിച്ചുവെന്നല്ലാതെ,ഒന്നിലും മനസ്സുറക്കാതെ, ആകെക്കൂടി ച്യൂയിങ്ഗം വിഴുങ്ങിയ തവളയെപ്പോലെയുള്ള അവസ്ഥയുമായി, പിന്നീട് കമല ഫോണ്‍ റൂമില്‍ ചെന്നിരുന്നു. മാഞ്ചെസ്റ്ററുകളായ ലലനമാര്‍ , അപൂര്‍ണ്ണ ശ്മശ്രുക്കളായ പൂവന്‍‌മാരെ വിളിക്കാനുള്ള സമയം ആവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ യതൊരു ഉല്‍ക്കണ്‌ഠയുമില്ലാതെ, വെറുതെ റിസീവറെടുത്ത് വല്ല ശൃംഗാരവും റൂട്ടു മാറി വരുന്നുണ്ടോയെന്നറിയാന്‍ ചെവിയോര്‍ക്കവേയാണു കമലയുടെ മുതുകത്ത് ഒരു മുന്നറിയിപ്പുമില്ലാതെ ആ കൈ‍ പതിഞ്ഞത്. കള്ള ഫോണ്‍ പിടിക്കാന്‍ വാര്‍ഡന്‍ വന്നതാണെന്നു കരുതി ഞെട്ടിത്തിരിഞ്ഞ കമല നിമിഷങ്ങള്‍ക്കകം മനസ്സാന്നിധ്യം വീണ്ടെടുത്തു പൂര്‍‌വ്വാശ്രമം പ്രാപിക്കുകയും ചെയ്തു.

തഥാഗതന്‍ , പ്രൈവറ്റ് ആശുപതികളിലേക്ക് നൈറ്റ് ഡ്യൂട്ടിക്കു ഡോക്ടര്‍മാരെ ഏര്‍പ്പാടു ചെയ്ത് കമ്മീഷന്‍ പറ്റി കാലം കഴിച്ചു പോന്ന ഒരു പരാന്നഭോജിയായിരുന്നു, പരം‌പരാഗണത്തില്‍ അഗ്രഗണ്യനുമായിരുന്നു; അക്കഥ വേറെ. ദൂരെയൊരിടത്ത് ഒരാശുപത്രിയിലുള്ള ഡോക്ടര്‍ക്കു അത്യാവശ്യമായി എങ്ങോട്ടോ പോവണമെന്നതിനാല്‍ രാത്രി ആളെ വേണം, നോക്കിയിട്ട് കോഴ്സ് കഴിഞ്ഞവരെയോ സ്ഥിരമായി പോവുന്നവരെയോ കിട്ടാനുമില്ല എന്ന സ്ഥിതി. വല്ലവനും പനിച്ചുകിടക്കുന്നുണ്ടെ‍ങ്കില്‍ ഉന്തിത്തള്ളി വിടാമെന്നു കരുതിയാണു അല്പകായന്‍ ‍, അനോണിമസ്, വന്നിരിക്കുന്നത്. സ്വതവേ മൂഢനെപ്പോലെയും ഇപ്പോള്‍ ഇതികര്‍ത്തവ്യനുമായുമിരിക്കുന്ന കമല തന്നെ പറ്റിയ കാന്‍ഡിഡേറ്റെന്നു ടിയാന്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു.

തികഞ്ഞ ഗൗരവത്തോടെ, താനിതൊക്കെ എത്ര പോയിരിക്കുന്നുവെന്ന മട്ടില്‍ , പോകാന്‍ താല്പര്യമില്ല, നിര്‍‌വാഹവുമില്ലായെന്നു്‌ പേര്‍ത്തും പേര്‍ത്തും പറഞ്ഞത്‌ ഒടുവില്‍ കമലയ്ക്കു തന്നെ വിനയാവുകയും ചെയ്തു. അറിയാത്തപിള്ളയെ മാത്രമല്ലേ ചൊറിഞ്ഞു പഠിപ്പിക്കേണ്ടതുള്ളൂ എന്ന തത്വശാസ്ത്രത്തിന്റെ വക്താവായ അല്പകായന്‍ , ഇവന്‍ തന്നെ ഇരയെന്നു തീരുമാനിച്ചുറപ്പിച്ചു. ഒട്ടുനേരത്തെ ശ്രമഫലമായി, ഒട്ടും രോഗികളുണ്ടാവില്ല, ഉറക്കത്തിനു യാതൊരു അല്ലലുമുണ്ടാവില്ല, പോരുമ്പോള്‍ രാവിലെ എണ്ണൂറു രൂപ കൈയില്‍കിട്ടും എന്നുമൊക്കെയുള്ള പ്രലോഭനങ്ങളില്‍ ‍‌, ഇലക്ഷന്‍ മാനിഫെസ്റ്റോ വായിച്ച് വോട്ടിനു പോവുന്ന മിഡില്‍ക്ലാസ്സിനെപ്പോലെ, കമല വീണുപോയി.

അഞ്ചുമണിക്കുള്ള കോളേജുബസ്സില്‍ , വസന്ത പിടിച്ച കോഴിയെപ്പോലെ ഒരുകോണില്‍ ഒറ്റയ്ക്കു മാറിയിരുന്ന്, ചോദ്യശരങ്ങളൊഴിവാക്കിക്കൊണ്ട് തൊട്ടും തൊടാതെയും‌ കമല പുതിയ സ്റ്റാന്‍ഡിലെത്തി; ലൈന്‍ ബസ്സുപിടിച്ച് ഏഴരയോടെ സംഭവസ്ഥലത്തുമെത്തി.

പൂച്ചെണ്ടും, നാരങ്ങാവെള്ളവുമൊക്കെയായി ഉപചാരപൂര്‍‌വ്വം ആനയിക്കപ്പെടുമെന്നു കരുതി വാതില്‍ക്കല്‍ കാത്തുനിന്ന കമലയ്ക്ക്, നിമിഷങ്ങളോളം, അപമാനിക്കപ്പെട്ടതായിത്തോന്നി. കമലക്ലബ്ബിന്റെ അഭിമാനസ്തംഭം, തിരിച്ചിങ്ങു പോരാന്‍ , പാതിദൂരം പിന്നിട്ട മൈക്കിള്‍ ഫെല്‍‌പ്സിനെപ്പോലെ, പടി ചവിട്ടിയുന്തി തിരിയവേയാണു 'എന്താ വേണ്ട്യേ' എന്ന ചോദ്യത്തോടെ ഒരുത്തന്‍ വന്നു വിളിക്കുന്നതും ക്ഷമാപണത്തോടെ കൂട്ടിക്കൊണ്ടു പോവുന്നതും. മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്‌ വരികയെന്നു കരുതിയതാണ്‌, ആളു മാറിപ്പോവാനും തന്മൂലമുള്ള മാപ്പു പറച്ചിലിനും ഹേതുവായതത്രെ. അത്രെ തത്രെ, ഇപ്പോള്‍ വേണ്ട, എന്നാല്‍ ,പോവുന്നതിനുമുന്‍പ് താന്‍ തന്നെ ഇവനെ മര്യാദ പഠിപ്പിക്കേണ്ടി വരുമെന്ന് കമല മനസ്സില്‍ നോട്ടു ചെയ്യുകയും ചെയ്തു. അതായത്‌ കമല സുസ്മേര വദനനായിക്കാണപ്പെട്ടുവെന്നര്‍ത്ഥം.‍

ഒമ്പതര മണിവരെ കാര്യങ്ങള്‍ സ്‌മൂത്തായിപ്പോയതില്‍ കമലയ്ക്ക് ചെറിയതോതില്‍ സന്തോഷം തോന്നാതുമിരുന്നില്ല. ഇടയ്ക്കു വന്ന രണ്ടുകേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തു വിട്ടത് കമലയുടെ ആത്മവിശ്വാസത്തെ ഒട്ടൊന്നുമല്ല പൊലിപ്പിച്ചത്. അമോക്സിസിലിനും പാരസെറ്റമോളുമൊക്കെയായി പ്രിസ്‌ക്രിപ്‌ഷനില്‍ അതു പ്രതിഫലിച്ചത്‌ ഫാര്‍മസിസ്റ്റിനേയും, തദ്വാര മുതലാളിയേയും സന്തോഷിപ്പിച്ചുവെന്നതു കമലയ്ക്ക്‌ അനര്‍ഗ്ഗളമായ ആഹ്ലാദം നല്‍കി. ഹോസ്റ്റലില്‍ നിന്നിറങ്ങുമ്പോള്‍ മഞ്ജിഷിനോട് കാര്യങ്ങള്‍ ചോദിച്ച് മന‍സ്സിലാക്കിയതിലും അതു ക്ലിക്കു ചെയ്തതിലും സംതൃപ്തനായ കമല, ഇത്രയും കാലം ഇതില്‍ ഏര്‍പ്പെടാന്‍ തോന്നാഞ്ഞത് തികഞ്ഞ അരാജകത്വമായിപ്പോയെന്ന ഒരു പ്രബന്ധം, ക്ലബ്ബില്‍ അവതരിപ്പിക്കുന്നതിനായി, മനസ്സില്‍ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്തു.

പിന്നീട് അയിലക്കറിയും ചോറും തിന്ന്‌ മുകളിലോട്ടു പോയ കമല, ജനല്‍ തുറന്നു പാടത്തെയും, വെള്ളിനിലാവത്ത് പരല്‍മീനുകള്‍ പുളയ്ക്കുന്ന പുഴയേയും നോക്കി തെല്ലിട നിര്‍ന്നിമേഷനായി നിന്നു. നിലാവും പാടവും ഇളം‌കാറ്റും, വിരിഞ്ഞുലയുന്ന നെല്‍ക്കതിരുകളും, നിറഞ്ഞ വയറും തന്നെ ഒരു കവിയാക്കി മാറ്റിയേക്കുമെന്ന ശങ്ക മൂത്തുവന്നപ്പോള്‍ , ക്ലബ്ബിന്റെ അമരക്കാരനായ താന്‍ തരളിതനായിക്കൂടാ എന്നു കരുതി, വിഷയം മാറ്റാനായി, കമല താഴെ കാഷ്വാല്‍റ്റിയിലേക്കു പാളി നോക്കി. നൈറ്റ്ഷിഫ്റ്റിലുള്ള സിസ്റ്റര്‍മാര്‍ ‍, മംഗളത്തിന്റെ മിടിക്കുന്ന പേജുകള്‍ വിറയാര്‍ന്ന ചുണ്ടുകള്‍ക്കുള്ളില്‍ ചവച്ചരച്ചു തിന്നുന്നതു കണ്ടപ്പോള്‍ , കമല അസ്വസ്ഥനായി. ലൈറ്റണച്ച് കിടന്നു, കിടന്നു കൊണ്ട് ശൈലീഭംഗമില്ലാതെ കൂര്‍ക്കം വലിയും തുടങ്ങി.

പുലര്‍ച്ചെ നാലു മണിക്കു ശബ്ദം കേട്ടു ജനലില്‍ക്കൂടി താഴോട്ടു നോക്കിയ കമല കാണുന്നത്‌ ഒരു ജീപ്പു നിറയെ പുരുഷാരം കാഷ്വാല്‍റ്റിയിലേക്കു ആരെയോ പൊക്കിപ്പിടിച്ച് കുതിക്കുന്നതാണു്‌. ചെന്നപ്പോള്‍ , എന്തോ കുഴപ്പം പിടിച്ച കേസാണ്‌, നോക്കിയിട്ട്, ഒരെത്തും പിടിയും കിട്ടുന്നുമില്ല. ഒരു വിവരവുമില്ലാത്ത തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണു താനെന്നറിഞ്ഞാല്‍ ബോധം കെട്ടുകിടക്കുന്ന രോഗി കൂടി തല്ലാനെണീക്കുമെന്ന ബോധ്യമുള്ള കമല, പാരസെറ്റമോള്‍ ഇഞ്ചക്ഷന്‍ കൊടുക്കാന്‍ സിസ്റ്ററോടു തഞ്ചത്തില്‍ പറഞ്ഞ്, ചോദ്യോത്തരങ്ങള്‍ക്കു നില്‍ക്കാതെ, വെളിക്കിരിക്കാന്‍ മുട്ടിയ അതിസാര രോഗിയെപ്പോലെ റൂമിലേക്കു പാഞ്ഞു............

ആയുസ്സിന്റെ ബലം കൊണ്ടോ, എക്സ്പീരിയെന്‍സുള്ള നേഴ്സിന്റെ മിടുക്കു കൊണ്ടോ, അതോ ഓടുന്ന വഴി കമല നേര്‍ന്ന നേര്‍ച്ചകളുടെ ഗുണം കൊണ്ടോ എന്നറിയില്ല, ബോധം വീണ്ടു കിട്ടിയ രോഗിയെ വീട്ടില്‍ ‍കൊണ്ടു പൊയ്‌ക്കോട്ടേയെന്നു ചോദിക്കാന്‍ ലേശം കഴിഞ്ഞ് ചെന്ന ബന്ധുക്കളോ, നേഴ്സുമാരോ, വാച്ചുമാനോ എവിടെയൊക്കെ നോക്കിയിട്ടും, എത്രയൊക്കെ വിളിച്ചിട്ടും ഡോക്ടറെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

...അഞ്ചരക്കു വന്ന ഫോണിനു മറുപടിയായി ശുഷ്‌കകായന്‍ അനോണി ‍ ഇങ്ങനെ പറഞ്ഞു: 'ഹൈയ്, നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കണ്ടന്നേയ്, ഡോക്ടര്‍ സെയ്‌ഫായി ഇവ്‌ടെ എത്തീന്ന്... ഞാന്‍ വിജാരിച്ച്‌ ഏതോ പട്ടിക്കാട്ടു മൂലേണെന്ന്‌ , പക്ഷേങ്കില്‌ കൊച്ചുവെളുപ്പാന്‍ കാലത്തൂന്നെ ഇഷ്ടം പോലെ ഓട്ടോര്‍ഷയൊക്കെ കിട്ടൂലോ അവ്‌ടെ! ...സാരോല്ല, ഓട്ടോക്കാശ് ഞാന്‍ കൊടുത്ത്ണ്ട് ട്ടാ... ഇനീപ്പോ ഡോക്ടര്‍ക്കു വേണ്ടി നിങ്ങ അന്വോഷിച്ച് അധികം നട്ടം തിര്യേണ്ട......പോയിക്കെടന്ന് ഒറങ്ങാന്‍ നോക്ക് ! '

17 comments:

 1. എനിക്ക് എയ്ത്തും ബായ്നേം അറ്യാത്തതിനാല്‍ എന്റെ ബാര്യേടെ അഭിപ്രായം ഇബടെ പറ്റിക്കട്ടെ?

  മനോഹരമായ വാക്കുകള്‍ ! ആശയവും കൊള്ളാം!

  ReplyDelete
 2. ആഹ..എന്തിറ്റാ പെഡ!!

  സൂപ്പര്‍ ഡ്യൂപ്പര്‍ എഴുത്ത്. ഉപമകളൊക്കെ ഒന്നൊന്നര രണ്ട് രണ്ടര മൂന്ന്...

  വായിച്ച് ത്രില്‍‌ഡ്!!!

  ReplyDelete
 3. കൊള്ളാം . കുഞ്ഞു മെഡിക്കോസ് മൂത്ത് വല്യ വല്യ അപ്പോത്തക്കിരിമാരാകുന്നത് ഇങ്ങിനെയാണല്ലേ.

  ReplyDelete
 4. ഒറ്റശ്വാസത്തില്‍ പറയുന്ന കഥയെഴുത്ത് രീതിക്ക് പുതുമതോന്നുന്നുവെങ്കിലും ഒരു പരിധിവരെ അത് നര്‍മ്മാവസ്ഥയെ ബാധിയ്ക്കുന്നപോലെ തോന്നി..

  ReplyDelete
 5. നല്ല രസംണ്ട്..
  ങ്കിലും നാര്‍ഡ്‌നാഹ്ക് ഹിസേമുസ് പറഞ്ഞത് കാര്യമാണ്, ശ്വാസം വിടാത്ത കഥനം നര്‍മ്മാസ്വാദനം പ്രയാസത്തിലാക്കുന്നു.
  ആശംസകള്‍ !

  ReplyDelete
 6. സിയ, സുമേഷ്: നന്ദി. ഒറ്റശ്വാസത്തില്‍ പറഞ്ഞില്ലെങ്കില്‍ വല്ലതും വിട്ടുപോയാലോന്ന് കരുതിയാണ്‌...

  മുസാഫിര്‍: നന്ദി. ഫിറ്റായവന്‍ സര്‍‌വൈവു ചെയ്യുമെന്നാണല്ലോ ഡാര്‍‌വിന്‍ പോലും പറഞ്ഞിരിക്കുന്നത്!

  വിശാലന്‍: അയ്യയ്യോ! കൂമ്പില്‍ത്തന്നെ നോക്കി പൂശിക്കളഞ്ഞല്ലോ, പഹയാ! കമലയുടെ ജീവിതം ധന്യമായി! താങ്ക് യു വെരി മച്ച്!

  രാകേഷ്: തേയ്ങ്ക്സ്. വിവരം ഒരാള്‍‍ക്കെങ്കിലുമുണ്ടായാല്‍ മതി, കുടുമ്മം രക്ഷപ്പെടും.

  ReplyDelete
 7. കമലാംഗദന്മാരുടെ ഗ്ലബ്ബിലേക്ക്‌ ആദ്യായിട്ടാ. കൊള്ളാട്ടോ 'താമര' ഡാക്കിട്ടര്‍മാരെ.
  :)

  ReplyDelete
 8. ഭേശായിണ്ട് ട്ടോ !
  ഭാവങ്ങളും ഭാവുകങ്ങളും നേരുന്നു !!
  ഭാവി ഭാസുരം !!!

  ReplyDelete
 9. അടി പൊളി ആയിട്ടുണ്ട്‌ . പഴയ്യ കാലം ഓര്‍മ വരുന്നു

  ReplyDelete
 10. keep up the good work. truly enjoyable

  ReplyDelete
 11. കമലയെ വിഗ്രഹിച്ച് താമരയാക്കിക്കളഞ്ഞല്ലോ, ക്രിഷ്!

  ഹാഷിക്കാണെങ്കില്‍ ഭസ്‌മമാക്കിയും കളഞ്ഞു!

  സുനില്‍, അനൂപ്, നന്ദി.

  ReplyDelete
 12. kollaam.well-mixed stuff (sadhanam kalakkeettundennu)

  ReplyDelete
 13. muyuman vaychittila..ennalum ambalam kandalariyamallo ayintullilenthannu

  ReplyDelete
 14. ജയേഷ്: അതു കലക്കി!
  പാലക്: നടയില്‍ത്തന്നെ നില്പാവാതെ കുളത്തിലൊന്നു മുങ്ങി വാ!
  സ്വപ്നക്കാരാ: നന്ദി!

  ReplyDelete
 15. ഇദ്ദാണ്‌ സാധനം..
  ഹൈയ്, കലക്കീന്ന്‌!

  കമലം നമസ്തുഭ്യം,
  കശ്‌മലം കമലാസനം!

  ReplyDelete
 16. this is the best post in the complete website blog

  Online nursing degree | online diploma | life experience bachelor degree

  ReplyDelete

കമന്റുകള്‍....