Saturday, September 20, 2008

കമല കഥകള്‍ - വാല്യം രണ്ട് നടന നൈപുണ്യം

"ട്ഠപ്പേ!"
ഓര്‍ക്കാപ്പുറത്ത് ചെകിട്ടത്ത് അടി വീണപ്പോള്‍ കമലയ്ക്കു കണ്ണില്‍ പൊന്നീച്ച പാറി. പകച്ചുപോയ കമല, പടക്കം പൊട്ടിക്കാന്‍ ലേഡീസ് ഹോസ്റ്റലിനു മുമ്പില്‍ച്ചെന്നപ്പോള്‍ ലുങ്കിക്കു തീപ്പിടിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെപ്പോലെ, സര്‍‌വ്വം മറന്നു ചാടിപ്പോയി. പ്രിന്‍സിപ്പാളിന്റെ റൂമാണ്, വിചാരണ നടക്കുകയാണ് എന്നുള്ള കാര്യങ്ങളെല്ലാം വിസ്മരിച്ച് കഥാപുരുഷന്‍ , പിടുത്തം വിട്ട്, സോഡാക്കുപ്പി പൊട്ടിക്കുന്ന ശബ്ദത്തോടെ ഒന്നു വിതുമ്പുകയും ചെയ്തു. താഡനം കണ്ടു സ്‌തബ്‌ധയായ പ്രിന്‍സിപ്പാളും കൊണ്ടകമലയും ബോധം വീണ്ടെടുക്കാന്‍ വൈകുമെന്നു നിനച്ച അടിയുടെ ഉടമയാവട്ടെ, മുണ്ടും മടക്കിക്കുത്തി റൂമില്‍നിന്നും ഇറങ്ങുകയും എസ്കേപ്പ് എന്ന ക്രിയ അനുഷ്ഠിക്കുകയും ചെയ്തു!

കഥ പുറകോട്ട്:

കമല ഒന്നാം ക്ലാസ് കഴിഞ്ഞിരിക്കുന്നു, രണ്ടാം ക്ലാസ്സ് ആയിട്ടുമില്ല. അതായത്, ഓടുന്ന ട്രെയിനിന്റെ കക്കൂസില്‍ കര്‍മ്മം ചെയ്യാനിരിക്കുന്ന പോലുള്ള പരുവം. അന്നൊക്കെ ഒന്നിനും രണ്ടിനുമിടയ്ക്ക് ആറുമാസമാണ് വെക്കേഷന്‍ . മെഡിക്കല്‍ കോളേജില്‍ വരുന്നതിനു മുമ്പ് അങ്ങനെയൊരു അവധിവ്യാപാരത്തെക്കുറിച്ച് കമല കേട്ടിട്ടു പോലുമില്ലായിരുന്നു. പരീക്ഷകളില്‍ പങ്കെടുക്കുകയെന്നല്ലാതെ അതിന്റെ റിസല്‍ട്ടിനെക്കുറിച്ച് യാതൊരു വിധ വേവലാതിയുമില്ലാത്ത കാലമാണെന്നോര്‍ക്കണം. മോഡറേഷന്‍ ഇല്ലാത്തതുകൊണ്ട് പാസ്സാവുമെന്ന പേടിയൊട്ടില്ല താനും. ചിക്കന്‍പോക്സ് എന്ന അസുഖത്തിന്റെ അപാരമായ സാധ്യതയില്‍ , ആരു ചോദിച്ചാലും 'വൈവയുടെ സമയത്ത് രോഗിയായിരുന്നു, അതുകൊണ്ടാണ് ' എന്ന സുഖകരമായമായ ഉത്തരവും നല്‍കി കമല മെസ്സും കഴിച്ച്
ക്രൗണ്‍ ‍ തീയേറ്ററും ടെലിവിഷന്‍ ചാനലുകളും ഇറാഖ് യുദ്ധവുമൊക്കെയായി കാലം കഴിക്കുന്ന സമയം.

ക്ലാസ്സില്‍ പോവേണ്ടെങ്കില്‍ക്കൂടി, മാസാമാസം വീട്ടിലേക്കുള്ള പോക്കുവരവ് മുടക്കാതിരിക്കാന്‍ കമല ശ്രദ്ധ വെച്ചിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. സെക്കന്‍ഡ് സാറ്റര്‍ഡേയ്ക്കു മുമ്പുള്ള വെള്ളിയാഴ്ച, വൈകിട്ടത്തെ മംഗളയ്ക്ക് ‌ കമല വീട്ടില്‍ച്ചെല്ലും. ചെല്ലുന്നതു തന്നെ അമ്മയുടെ കൈകൊണ്ടുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ‍, വിളമ്പുന്നതെന്തും പാത്രത്തോടെ വടിച്ചു തിന്നുകയും ചെയ്യും; ആക്‌റ്റിങ്ങാണെങ്കില്‍ക്കൂടി അതു വെടിപ്പായി ചെയ്യുകയെന്നത് കമലയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതത്രെ! സ്വതവേ സംശയരോഗിയായ അച്ഛനെ ബോധിപ്പിക്കാന്‍ ‍, പിറ്റേന്ന് തേങ്ങയെണ്ണാന്‍ സഹായിച്ചോ, ഞാറു നടുന്നിടത്ത് വെള്ളം കൊണ്ടുകൊടുക്കാന്‍ പോയോ, സൈക്കിള്‍ കാരിയറില്‍ കന്നാസുമേറ്റി റേഷന്‍മണ്ണെണ്ണ വാങ്ങാന്‍ വൊളണ്ടിയര്‍ ചെയ്തോ കമല ഉത്സാഹിക്കും. ഒടുക്കം വൈകുന്നേരമാവുന്നതിനു മുന്‍പ് കണക്കു പറഞ്ഞ് അതിന്റെ കൂലിയും അമ്മാസത്തെ മെസ് ഫീയും വാങ്ങി റെക്കോഡ് വരക്കാനുണ്ട്, ഞായറാഴ്ച ഒന്നിനും നേരം കിട്ടാത്ത ദിവസമാണ് എന്നൊക്കെപ്പറഞ്ഞ് പാസഞ്ചര്‍ കേറി കോഴിക്കോട്ടെത്തും. അതാണു കാലഘട്ടം.

അങ്ങനെയൊരു രാത്രി, സാഗര്‍ ഹോട്ടലില്‍ നിന്നു ബിരിയാണിയും കഴിച്ച്, ക്യാമ്പസിലൂടെ പാട്ടും പാടി നടന്നു വരുമ്പോള്‍ , വിവരംകെട്ട ഏതോ ഒരു കാക്ക ഉന്നം തെറ്റിച്ച് ഒരിടത്ത് രണ്ടിനു പോയി. തലയില്‍ വീഴേണ്ടതു ഷര്‍ട്ടിലായതിനാല്‍ അലക്കേണ്ടി വരുമെന്നതിന്റെ വൈഷമ്യത്തില്‍ , കമല, കാക്കയുടെ തന്തക്കു വിളിച്ചുവെന്നതു ശരി തന്നെ, പക്ഷേ ശരിക്കുമമ്പരന്നതു വേറൊരു കാര്യം കൊണ്ടാണ്. മറുപടിയായി സ്ത്രീശബ്ദത്തില്‍ 'പോടാ പട്ടീ'യെന്ന അശരീരി എവിടുന്നാണു വന്നതെന്നു ഇരുട്ടത്ത് കമലയ്ക്കു മനസ്സിലായതേയില്ല. കണ്ണ്‌ തിരുമ്മി മേലോട്ടു നോക്കിയാല്‍ മിസൈലുകള്‍ വേറെയും വരുമെന്നറിയാവുന്ന കമലഹാസന്‍ , ആത്മസം‌യമനത്തോടെ നിലത്തു നോക്കിത്തന്നെ 'സംഗതി' ലേശം കൂട്ടി ഭക്തിഗാനം പാടിത്തുടങ്ങിയതും ലേഡീസ് ഹോസ്റ്റലിന്റെ സൈഡ്‌ഗേറ്റില്‍ മതിലും ചാരി ശൃംഗരിച്ചുകൊണ്ടു നിന്ന, തൊണ്ണൂറ്റൊന്നു മോഡല്‍ ഒരുത്തന്‍ ‍, നിഴലില്‍നിന്നു മാറി വെളിച്ചത്തോട്ടു വരികയും കമലയുടെ കൊങ്കയ്ക്കു പിടിക്കുകയും ചെയ്തു. കാമുകിയുടെ മുമ്പിലൊന്നു ഷൈന്‍ ചെയ്യാമെന്നു കരുതിയാണു കാര്യമറിയാതെ സിംഹവാലന്‍ പെരുമാറിയതെങ്കിലും, പെണ്ണൊരുത്തി മുമ്പില്‍ നില്‍ക്കുമ്പോള്‍ വിട്ടുകൊടുക്കുന്നതെങ്ങനെയെന്നു നിനച്ച് അഭിമാന ബോധമുള്ള കമല കൈമെയ് മറന്നൊന്നു കുതറി നോക്കി. കാര്യം വിശദീകരിക്കുവാന്‍ നേരം കിട്ടുന്നതിനു മുമ്പു തന്നെ സിംഹളന്‍ നിലത്തുവീഴുകയും പെണ്ണ് വാവിട്ടു നിലവിളിക്കുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാല്‍ , കം‌പ്ലെയിന്റായി, എന്‍‌ക്വയറി ആയി, ഇനി ക്യാമ്പസില്‍ നില്‍ക്കണമെങ്കില്‍ അച്ഛനെ കൂട്ടിക്കൊണ്ടു വരണമെന്ന സ്ഥിതിയായി. അങ്ങനെ വേണ്ടി വന്നാല്‍‍ ഇനിയുള്ള കാലം നെല്‍‌പ്പാടത്ത്‌ കോലത്തിനു പകരമായി നിന്നു ജീവിതം കരിഞ്ഞു തീര്‍ക്കേണ്ടി വരുമെന്നറിയാവുന്ന കമല, സംഗതി ഒരാളോടൊഴികെ വേറാരോടും പറഞ്ഞില്ല. ആരോടെന്നുള്ളത്‌ അവിടെ നില്‍ക്കട്ടെ, എന്തു സംഭവിച്ചുവെന്നതാണു വിഷയം. ആ സംഭവത്തോടെ ഉപദേശി കമലക്ലബ്ബില്‍ ആജീവനാംഗത്വം നേടിയെന്നു മാത്രം പറഞ്ഞാല്‍ മതിയല്ലോ!

ഇരുചെവിയറിയാതെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ സംഘം മുണ്ടിക്കല്‍ത്താഴത്തെ ദേശബന്ധു വായനശാലയിലേക്കാണു നേരെ പോയത്. സജീവമായിരുന്ന അവരുടെ നാടക സംഘത്തില്‍ നിന്നും ഒരു അച്ഛനെ വിട്ടുകിട്ടുമോയെന്നറിയാനാണു യാത്ര. കൃശഗാത്രനും കണ്ടാല്‍ ഓമനത്വം തോന്നിക്കുന്നവനുമായ പുഷ്പാംഗദനെയാണു കമലയ്ക്കിഷ്ടപ്പെട്ടതെങ്കിലും നായ്ക്കന്‍ ആയതുകൊണ്ട് റേറ്റ് ഒക്കാഞ്ഞതിനാല്‍ ഉദ്യമം പാളി. അമ്മാവന്‍ വേഷം ചെയ്യുന്ന മൃതപ്രായനായ കാര്‍ന്നോരെക്കണ്ടാല്‍ ‍, പിടിച്ചുകൊണ്ടുപോയതിനു ശിക്ഷ വേറെക്കിട്ടുമെന്നറിയാവുന്നതിനാല്‍ അയാളെയും വേണ്ടെന്നു വച്ചു. തൊമ്മിയായി കൂടെപ്പോയ മാന്യദേഹമാവട്ടെ, കമലയ്ക്കു പറ്റിയ പെങ്ങളെയോ അമ്മയെയോ നോക്കാമെന്നു കരുതി അടുക്കളഭാഗത്തായിരുന്നു വിളയാട്ടം മുഴുവന്‍ .

ഇതിനിടെ, വെടിമരുന്നു നിറക്കാന്‍ പാറ തുരക്കുന്നതിന്റെയെന്ന പോലുള്ള ശബ്ദം മലയാളത്തില്‍ പുറപ്പെടുവിച്ചുകൊണ്ട്, മീശപിരിച്ച്‌‌ ആരെയോ തെറിപറഞ്ഞുകൊണ്ട്, ഒരാജാനുബാഹു കയറിവന്നു. മുത്തപ്പന്‍ കാവിലെ സെക്യൂരിറ്റിക്കാരന്റെ മാതിരി പ്രകൃതം; മണലരിക്കാന്‍ കൊണ്ടുവന്ന അരിപ്പയ്ക്ക്‌ ഓട്ട വീണതുപോലുള്ള മുഖത്തുനിന്നും കാരുണ്യം വഴിഞ്ഞൊഴുകുന്ന ഒരു ജെന്റില്‍മാന്‍‍ . ‍‍വില്ലാളിവില്ലന്‍ കമലയുടെ ശ്രദ്ധയാകര്‍ഷിച്ചുവെങ്കിലും, സ്വന്തം പോട്ടെ, ശത്രുവിന്റെ പോലും അച്ഛനായി സങ്കല്പിക്കാന്‍ പറ്റാത്ത ഐറ്റം ആയിരുന്നു ടിയാന്‍ ‍. പക്ഷേ, ശ്രമം പാളിയതോര്‍ത്തു വിഷണ്ണരായ അവരെ, വിവരമറിഞ്ഞ അയാള്‍ കടത്തി വെട്ടി. ഒരുദിവസത്തേക്കല്ലേ, താന്‍ അഡ്ജസ്റ്റ് ചെയ്തോളാം, കാശ്‌ അഡ്വാന്‍സായി തരേണ്ടിവരും എന്ന ചിന്ന കണ്ടീഷന്‍ മാത്രം. മനസ്സില്ലാമനസ്സോടെയാണെങ്കിലും നമ്മുടെ നായകന്മാര്‍ സമ്മതിച്ചു. പക്ഷേ. അതിബുദ്ധിമാന്മാരായ തങ്ങളെ പറഞ്ഞു പറ്റിച്ച്, കാശടിച്ചു മാറ്റാനുള്ള ശ്രമമാണെങ്കില്‍ , അതു നടപ്പില്ല, കൂലി റൊക്കം വായനശാല സെക്രട്ടറി ഏറ്റുവാങ്ങണം എന്നു കരാര്‍ തീര്‍പ്പാക്കി ഒപ്പുവയ്ക്കുകയും ചെയ്തു. പേശിപ്പേശി, പറഞ്ഞതിലും നൂറു രൂപ കുറച്ചുകൊടുത്ത് തിരികെപ്പോരുമ്പോള്‍ ആരാണ്ടോ പിറുപിറുക്കുന്നത് കേട്ടെങ്കിലും മനസ്സിലതു രെജിസ്റ്റര്‍ ചെയ്യാന്‍ മെനക്കെടാതെ ടീം ഹോസ്റ്റലിലെത്തി ലേറ്റ്മെസ്സിന്റെ മുകളില്‍ പരിഭവം തീര്‍ത്തു.

പിറ്റേന്ന്, പത്തു മണിക്കു തന്നെ അപ്‌ഫന്‍ തിരുമേനി, വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച് പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുന്നിലെത്തി. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ തലേന്നു ചോദ്യം ചെയ്തത് ബുദ്ധിമോശമായിപ്പോയെന്നു തോന്നിയെങ്കിലും, സാരമില്ല, കാശുകൊടുത്തിട്ടല്ലേ, കൊടുത്തതിനു മാത്രമൊന്നും പറഞ്ഞില്ലല്ലോയെന്നൊക്കെ കമല ഓര്‍ക്കുകയുമുണ്ടായി. ഭവ്യതയോടെ മേഡത്തിന്റെ മുമ്പിലിരുന്ന് കാളപൂട്ട്, മുഞ്ഞ, മണ്ഡരി, പന്നിയൂര്‍ വണ്‍ എന്നീ ഗഹനങ്ങളായ വിഷയങ്ങളെപ്പറ്റി അപ്‌ഫന്‍ ആധികാരികമായി ഉപന്യസിക്കുന്നതിന്നിടെ,‍ കൃഷിക്കിടയില്‍ വിളിച്ചുവരുത്തേണ്ടി വന്നതില്‍ പ്രിന്‍സിപ്പാള്‍ ഖേദപ്രകടനം നടത്തുന്നതു കൂടി കണ്ടപ്പോള്‍ കമലയുടെ കണ്ണു നിറഞ്ഞുപോയി. പിതൃതുല്യമായ വാത്സല്യം അങ്ങേരോടു തോന്നുകയും ചെയ്തു.

രക്ഷിതാവിനെ വളരെയേറെ ഇഷ്ടപ്പെട്ടുപോയ പ്രിന്‍സിപ്പാള്‍ , ഉപസംഹാരത്തിനു മുമ്പ്, വെറുതെ തമാശയ്ക്ക്, ഇതൊന്നു നോക്കൂ, മോന്റെ വിക്രസുകള്‍ ഇതൊക്കെയാണു കേട്ടോ, ഇനി ഞാന്‍ നോക്കിക്കോളാം എന്നൊക്കെ പറയുകയും പരാതിപ്പുസ്തകം നാട്യമുനിയുടെ മുന്നിലേക്കു നിരക്കി വയ്ക്കുകയും ചെയ്തു. സീറ്റില്‍നിന്നുവിട്ട്, പഞ്ചപുച്ഛമടക്കി, വാലു താഴ്ത്തി നിന്ന കമലയെ ഒന്നു പാളി നോക്കിയ പിതാജി ഒട്ടുനേരം ചിന്താവിഷ്ടനായി കാണപ്പെട്ടുവെങ്കിലും പക്ഷേ, പരാതി വായിച്ചയുടനെ എഴുന്നേല്‍ക്കുകയും കമലയുടെ അടുത്തേക്കു നടക്കുകയുമാണ് ചെയ്തത്.

വിശിഷ്ടസേവാ മെഡല്‍ ഗവര്‍ണ്ണറില്‍ നിന്നും ഏറ്റുവാങ്ങാന്‍ നെഞ്ചും വിരിച്ചു നില്‍ക്കുന്ന പോലീസുകാരനെപ്പോലെ ഗമയില്‍ കണ്ണുമടച്ചു നിന്ന കമല, പക്ഷേ, സ്വപ്നത്തില്‍ വെടികൊണ്ട പട്ടാളക്കാരന്റെ അവസ്ഥയിലായിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. പുച്ഛം, കരാര്‍ അടങ്കല്‍ത്തുകയില്‍ വന്ന കുറവ്, മെഡിക്കല്‍ എത്തിക്സ്, മെനക്കേട്, മിസല്യേനസ് തുടങ്ങിയവ എല്ലാം കൂടി ചേര്‍ത്ത്, ' പ്‌ഫ, പന്നീ, ഇതിനാണോടാ നിന്നെ ഞാന്‍ ഇത്രയും കാശു ചെലവാക്കി മെഡിക്കല്‍ കോളേജിലേക്കു പഠിക്കാന്‍ വിട്ടത്‌ ' എന്നുമാക്രോശിച്ചു കൊണ്ട് അതുല്യ നടന്‍ ഒറ്റ പൊട്ടീരാണ്‌....
.................
"ട്ഠപ്പേ!"

14 comments:

 1. Hahaha, kalakki!
  Ollathu thanne?

  ReplyDelete
 2. ആശാനെ.. മാഷെ..

  ഹാവൂ എന്തൊരു രസം വായിക്കാന്‍,ക്ലൈമാക്സില്‍ നിന്നും സംഭവം തുടങ്ങുന്നതുതന്നെ ആകാംക്ഷ കൂട്ടുന്നു.

  എന്നാലും അഫനാണ് അഫ്ഫാ യഥാര്‍ത്ത അച്ഛന്‍..!

  ReplyDelete
 3. ഇതാണല്ലേ കാശ് കൊടുത്ത് അടി വാങ്ങിക്കുകാന്ന് പറേണത്.
  അഫ്ഫന്‍ കലക്കി.

  ReplyDelete
 4. അല്ല കമലേ അഫന്‍ വന്നാല്‍ പോലും ഈ സത്കര്‍‌മ്മം ചെയ്യുമാരുന്നോ? നന്നായേ ഒള്ളു!
  ഇതിനാ അടിയോളം ഒതകാ അണ്ണന്‍ തമ്പീം
  എന്ന് പറയുന്നത് , ഏതായലും ഒരടിയുടെ കുറവ് അതുണ്ടായിരുന്നു.. ഡയലോഗ് ബെസ്റ്റ് കണ്ണാ ബെസ്റ്റ് “ ' പ്‌ഫ, പന്നീ, ഇതിനാണോടാ നിന്നെ ഞാന്‍ ഇത്രയും കാശു ചെലവാക്കി മെഡിക്കല്‍ കോളേജിലേക്കു പഠിക്കാന്‍ വിട്ടത്‌ '”

  ReplyDelete
 5. kamalakkum mani kettiyo, daivame...
  santhoshaaayi.

  ReplyDelete
 6. വൈകിയാണെങ്കിലും ഫോണില്‍ക്കൂടി പലവട്ടം പറഞ്ഞതാണെങ്കില്‍ക്കൂടിയും
  'തള്ളേ നമിച്ച്'

  ReplyDelete
 7. valare nannayittundu..ee kamalayum kadhapathrangalum orupadu ormakal konduvarunnu

  ReplyDelete
 8. kalakki.............
  kamala clubinte collegil padikkaan kazhinjathil santhosham!!!!!

  ReplyDelete
 9. kalakkkiiiiiiii....

  oru paadu clubbukal kadannu poya nammude college innum nithya yavvanathode nilkunnu....

  ReplyDelete
 10. ജീവിതത്തിന്റെ അന്തരാളങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഇത്തരം നുറുങ്ങുകള്‍ നൊസ്റ്റാള്‍ജീമിക് അസിഡോസിസ് ഉണ്ടാക്കുന്നു, പലപ്പോഴും. നന്തി, കശ്മലാ, നന്തി.

  ReplyDelete
 11. കൊള്ളാം. വീണ്ടും വരാം.

  ReplyDelete
 12. കുഞ്ഞന്‍ , ക്രിഷ്, മണിക്യം, ആരിഫ, ബിനേഷ്, നാഥന്‍ ,കാര്‍ഡിയോപ്രൊട്ടക്റ്റര്‍ ,അനോണ്‍ , പാവത്താന്‍ ... താങ്ക്സ്!

  ReplyDelete
 13. കടുത്തു പോയി മാഷേയ്...നമിച്ചു പോയ് ഞാനും

  ReplyDelete

കമന്റുകള്‍....