Friday, January 30, 2009

കമല ചരിതം എട്ടാമങ്കം- ഗൈനക്കോളജി പോസ്റ്റിങ്ങ്

ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തെ വരിഞ്ഞു മുറുക്കിയത് ഇപ്പോഴാണെങ്കിലും, തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ , തന്റേതല്ലാത്ത കാരണത്താല്‍ , അതിന്റെ ഭീകരത അനുഭവിച്ചറിയാനുള്ള ഭാഗ്യം ഉണ്ടായ ഒരു അപൂര്‍‌വ വ്യക്തിത്വമായിരുന്നു കമലയുടേത്. റൈറ്റര്‍ കമ്പനിയുടെ ഷര്‍ട്ടും, ന്യൂ പോര്‍ട്ടിന്റെ ജീന്‍സുമായി കോളേജ് പോര്‍ട്ടിക്കോയിലൂടെയുള്ള നടപ്പും, പാനാസോണിക്ക്‍ ഡബിള്‍ ഡെക്ക്‍ റെക്കോര്‍ഡറില്‍ നിന്നും മെസ്സിലേക്കുള്ള കോറിഡോര്‍ മുഴുവന്‍ കുമാര്‍ സാനുവിന്റെ മൂക്കിലൂടെയുള്ള പാട്ടും, ഇമ്പീരിയല്‍ ലെതറും കുട്ടിക്യൂറ പൌഡറുമൊക്കെയാണു കൈയിലിരിപ്പെങ്കിലും, കുംഭമാസം മുതല്‍ മേടമാസം വരെ ചക്ക കൊണ്ടാണ് കമലയുടെ വീട്ടില്‍ പച്ചടിയും പായസവുംവരെയെന്ന് ആരും അറിഞ്ഞിരുന്നില്ലെന്നു മാത്രം.

തറവാടു വീതംവച്ച്, ഇത്തിരി നിലം സ്വന്തമായി കൈയില്‍ വന്നതിന്റെ ഹുങ്കില്‍ , അച്ഛന്‍ഗുരുക്കള്‍ വ്യവസായത്തെക്കുറിച്ച് ആലോചിച്ചതില്‍ കുറ്റം പറയാനാകുമോ? കമലയോടു ചോദിച്ചില്ലെന്നുള്ള മഹാപരാധമൊഴിച്ച് സംഗതികള്‍ സ്മൂത്തായിത്തന്നെയാണു മിക്കവാറും നീങ്ങിയതും. ഒരു വരത്തന്‍ ,കഴുത്തില്‍ കണ്ണുതള്ളുംവരെ ടൈയും മുറുക്കിക്കെട്ടി വന്ന് മൂലധനം, ലാഭം, വീതപ്പലിശ, മുതലാളിത്തം, മാരുതി എണ്ണൂറ് തുടങ്ങിയ വിഷയങ്ങള്‍ ഒറ്റശ്വാസത്തില്‍ അവതരിപ്പിച്ചപ്പോള്‍ പിതൃക്കള്‍ക്ക്‍ പിടിവിട്ടുപോയെന്നുള്ളതാണ് വസ്തുത. അതിന്‍ പ്രകാരം, അളിയന്മാരും പെങ്ങന്മാരും ചേര്‍ന്ന്‌ സ്ഥലം അന്തോണിമേസ്തിരി‍ക്ക്‌ രായ്ക്കുരാമാനം വില്‍ക്കുകയും കാശുമുഴുവന്‍ ,നിന്നനില്പില്‍ ഇരട്ടിക്കാന്‍ , മാഞ്ചിയത്തില്‍ കൊണ്ടിടുകയും ‍ചെയ്തു! വളം കിട്ടാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് കാശിത്തിരി ആടിന്റെ മുകളിലും നിക്ഷേപിക്കാഞ്ഞതില്‍ കമലാധിപനു കുണ്ഠിതം തോന്നാഞ്ഞുമിരുന്നില്ലെന്നത് അമ്മ പറഞ്ഞ് കമല പിന്നീടറിയും. അറിഞ്ഞതു വേറെയുമുണ്ട്; അമ്മയുടെ കാപ്പും പാലക്കയും വിറ്റ കഥ. അതു പോട്ടെ.

നാല്പതുപറക്കണ്ടത്തിനു പകരമായി മുന്നൂറേക്കര്‍ മാഞ്ചിയം തോട്ടം മൂന്നാറില്‍ , വേലികെട്ടിത്തിരിച്ച്, പേരെഴുതി മാറ്റിവച്ചതിന്റെ ഫോട്ടോ വരദരാജന്‍ കാട്ടുകയുമുണ്ടായത്രേ. തന്നെയുമല്ല, കോപ്പിയൊരെണ്ണം ചെന്നതിന്റെ അന്നുതന്നെ അയച്ചുകൊടുക്കാമെന്ന് കയ്യില്‍ പിടിച്ച് സത്യവും ചെയ്തിരുന്നു പോല്‍ .

മാഞ്ചിയം, സി.പി.എമ്മിന്‌ ഓഞ്ചിയമെന്നതുപോലെ, കാര്‍ന്നോര്‍ക്കു എന്തൊക്കെയായെന്നതു അവിടെ നില്‍ക്കട്ടെ, മകരത്തിലെ കൊയ്ത്തു കഴിഞ്ഞാണ്‌ സ്ഥലം വിറ്റതെന്നതിനാല്‍ അക്കൊല്ലം അരിക്കു ക്ഷാമമുണ്ടായിരുന്നില്ല. എങ്കിലും, കൂട്ടാനില്‍ വറ്റു മുക്കിത്തിന്നു ശീലമുള്ള തറവാടികള്‍ കറിയുടെ കാര്യത്തിനു ലേശം ബുദ്ധിമുട്ടിയേനെ. എന്നാല്‍ , ജന്മവൈകല്യമായി ബുദ്ധികൂടിപ്പോയതിന്റെ ശല്യമുള്ളതുകൊണ്ടും, പടിഞ്ഞാറ് കുളിമുറിക്ക് ചേര്‍ന്ന അമ്മച്ചിപ്ലാവിനു ചെന പിടിച്ചതിന്റെയും കാരണമായി, അക്കൊല്ലം തൊട്ടതിനൊക്കെ ചക്ക കൊണ്ട് അഭിഷേകമായിരുന്നുവെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുടുംബം മുഴുവന്‍ മലക്കുപോവാന്‍ മാലയിട്ടെന്നപോല്‍ വെജിറ്റേറിയനായതിന്റെ കേടു മുഴുവന്‍ മീന്‍‌കാരന്‍ കുഞ്ഞാലിക്കും അറവുകാരന്‍ മാപ്ലക്കുമായിരുന്നുവെന്നു മാത്രം. ഉപ്പുചേര്‍ത്ത് വേവിച്ച് കടുകു വറുത്തിട്ട് തോരന്‍ ,ചതച്ചു വേവിച്ചതില്‍ തൈരുമൊഴിച്ച് പുളിങ്കറി, ശര്‍ക്കരപ്പാവും ഏലം പൊടിച്ചതും ചേര്‍ത്ത് പായസം, ചുട്ട കുരുകൊണ്ട് പാചകവാതകം എന്നു വേണ്ട, ചക്കകൊണ്ട് ഇനി വേറൊന്നിനും കൊള്ളുകയില്ലെന്ന നിലയുമായി!

കമ്മ്യൂണിറ്റി മെഡിസിന്‍ ടൂറു കഴിഞ്ഞ് ബാംഗ്ളൂരു നിന്നും നേരെ വീട്ടിലേക്കു പോയപ്പോഴാണ്‌ കമല വിവരമറിയുന്നതും വിഷണ്ണനാവുന്നതും. പത്തിനൊന്നെന്ന കണക്കായിരുന്നു പെണ്‍കുട്ടികളെന്നതിനാല്‍ കമലയുടെ നഖം മിക്കവാറും ഇച്ഛാഭംഗം തിന്നു തീര്‍ന്നു പോയുമിരുന്നു. ആയതിനാല്‍ അച്ഛന്‍ കാണ്‍കെ വിരലും കടിച്ച് നാലു ചാണ്‍ നടന്നുവെന്നല്ലാതെ കമലയെക്കൊണ്ട് വേറൊന്നിനും പറ്റുമായിരുന്നില്ല. പക്ഷെ, ശ്മശ്രുഗമനനായതു മുതല്‍ക്കേ വികാരത്തള്ളിച്ചയുടെ സമയത്തൊക്കെ ചെയ്യാറുള്ളതു പോലെ, ചിന്താമഗ്നനായ കമല, കുന്നിന്‍ മുകളിലുള്ള പാലമരത്തിന്റെ വേരില്‍ ഒറ്റയ്ക്കു പോയിരുന്നു. അസ്തമയത്തിനു മുന്നേ കൂടണയാന്‍ പോവുന്നേരം ഇണയെത്തിരഞ്ഞ് കുരുവികള്‍ കലപില കൂട്ടുന്നതു കണ്ടപ്പോള്‍ കമലയ്ക്കു കരച്ചില്‍ വന്നു. താഴ്‌വാരങ്ങളിലേക്ക്‍ ഇരുട്ടുമായെത്തുന്ന നനുത്ത കാറ്റ് കവിള്‍ത്തടങ്ങളെ നക്കിയുണക്കുമ്പോള്‍ നരച്ച ആകാശത്ത് മടിച്ചുമടിച്ച് നക്ഷത്രങ്ങള്‍ വിരിയുന്നതും നോക്കി കമല ഏറെ നേരമിരുന്നു. രാവേറെയായപ്പോള്‍ തിരിച്ചുവന്ന് മുറിയില്‍ക്കയറി, വസ്ത്രം പോലും മാറാതെ, വിളക്കണച്ച്, മച്ചും നോക്കി കിടന്നു. പാതിരാത്രിയില്‍ എലിക്കുഞ്ഞുങ്ങള്‍ നെല്‍ച്ചാക്കുകള്‍ കരളുന്നതും പശുക്കള്‍ തൊഴുത്തില്‍ തിരിഞ്ഞുകിടക്കുന്നതുമെല്ലാം കേട്ട്‌ കമല അസ്വസ്ഥനായെങ്കിലും ഇലകളില്‍ മഞ്ഞുവീഴുന്നതിന്റെ ശബ്ദത്തില്‍ ലയിച്ചിരുന്ന്‌ എപ്പോഴോ ഉറങ്ങിപ്പോവുകയും ചെയ്തു.

ആരെയുമുണര്‍ത്താതെ, വെളുക്കും മുമ്പേ സ്‌റ്റേഷനില്‍ചെന്ന്‌ വൈകിയോടുന്ന ഏതോ ഒരു വണ്ടിയില്‍ക്കയറി കമല പിറ്റേന്നു തന്നെ ഹോസ്റ്റലിലെത്തി. പ്ലാസ്റ്റിക്ക് ചാക്കിലിട്ടുകെട്ടി തട്ടിന്‍ പുറത്ത്‌ പഴുക്കാന്‍ വെച്ച വാഴക്കുല പോലെ മനസ്സ് വിങ്ങുന്നുണ്ടെങ്കിലും, പോലീസിനു കീഴടങ്ങുന്ന രാമലിംഗരാജുവിനെപ്പോലെ ഒന്നും പുറമേക്കാട്ടാതെ കമല ഹിന്ദിക്കാരുടെ മുറിയില്‍ച്ചെന്നിരുന്നു. കൊല്ലത്തിലൊരിക്കല്‍ മാത്രം വീട്ടില്‍ പോവാറുള്ള ഗോസായിമാര്‍ കമലയുടെ ചങ്ങാതിമാരെന്നതില്‍ക്കവിഞ്ഞ് കമല അവരുടെ ചങ്ങാത്തത്തിലായിരുന്നുവെന്നാണ് പലരും അടക്കം പറഞ്ഞിരുന്നത്. അടക്കത്തിലോ ഉറക്കെയോ ഇനിയിപ്പോള്‍ തമിഴില്‍ തന്തയ്ക്കു തന്നെ പറഞ്ഞാലും 'ക്യാ' എന്നു പറഞ്ഞു ചിരിച്ചോണ്ടു പോവുന്ന ശര്‍മ്മയായിരുന്നു എപ്പോഴും കമലയുടെ സോഫ്റ്റ് ടാര്‍ഗറ്റ്. അന്നു മുറിയില്‍ ചെന്നപ്പോള്‍ , മുപ്പതു ദിവസം കൊണ്ടു മലയാളം പഠിക്കാനുള്ള റാപ്പിഡെക്സുമായി ചമ്രം പടിഞ്ഞിരിക്കുന്ന ശര്‍മ്മയെ, കമല ഹിപ്‌നോട്ടിസം ചെയ്തു ശരിപ്പെടുത്തി. ഫൈനല്‍ ഇയര്‍ പോസ്റ്റിങ്ങിനു മുമ്പുള്ള ഒരാഴ്ചയങ്ങനെ, യാതൊരു ശല്യവുമില്ലാതെ കമല ഹിന്ദി പഠിച്ചു; ഗോസായിമാരെപ്പോലെ കുളിക്കാതെ സെന്റുപൂശി നടക്കാനിറങ്ങാനും കക്കൂസില്‍ പോയാല്‍ വെള്ളമൊഴിക്കാതെ ഇറങ്ങിപ്പോരാനും പഠിച്ചു. ഇടവഴിയിലൂടെ തിങ്ങിഞെരിഞ്ഞോടുന്ന പാണ്ടിലോറിയില്‍ കമ്യൂണിസ്റ്റ് പച്ചയും ശീമക്കൊന്നയും പറ്റിപ്പിടിക്കുന്നപോലെ കുറച്ചു വാക്കുകള്‍ പഠിച്ചുവെന്നല്ലാതെ ശര്‍മ്മയുടെ മലയാളം കൊങ്ങിണിയായി എന്നു ചുരുക്കം.

അങ്ങനെ ഒഴിഞ്ഞ ഹോസ്റ്റലില്‍ , ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരാഴ്ച കമല മിഥുന്‍ ചക്രവര്‍ത്തിയേയും ഡിമ്പിള്‍ കപാഡിയയെയും സ്‌നേഹിച്ച്‌, അമരീഷ് പുരിയോട് കലഹിച്ച് മദിച്ചുനടന്നു. ഹിന്ദി സിനിമയിലേതു പോലെ തന്നെ, നടന്നുകൊണ്ടിരിക്കെ കമല നിലം മറന്നു, മാഞ്ചിയം മറന്നു, ബാംഗ്ലൂരു പബ്ബിലെ വെയിറ്റ്രസിനെ മറന്നു. അടി മുതല്‍ മുടി വരെ ഹിന്ദിയുമായി നടന്ന കമലയുടെ മാറ്റു തെളിയണമെങ്കില്‍ ക്ലബ്ബ് കൂടേണ്ട താമസമേയുള്ളൂ എന്ന മട്ടായി.

അങ്ങനെ തിങ്കളാഴ്ചയായി. പോയവരൊക്കെ വിശേഷങ്ങളുമായി തിരികെ വന്നു. വൈകിട്ട് കമലകബ്ബിന്റെ അടിയന്തിര മീറ്റിങ്ങുണ്ടാവുമെന്ന അറിയിപ്പ് കാതുകളില്‍ നിന്നു കാതുകളിലേക്കെത്തി. കമലയ്ക്ക് ഗൈനക്കോളജിയിലായിരുന്നു പോസ്റ്റിങ്ങ്. എട്ടു മണിക്കു തുടങ്ങുന്ന .പി.യില്‍ ഷാര്‍പ്പ് പത്തുമണിക്കു കയറിച്ചെന്നതില്‍ പ്രൊഫസര്‍ക്കുണ്ടായ വാത്‍സല്യം കമല മുഖവിലയ്ക്കെടുത്തില്ല. ഫൈനല്‍ ഇയര്‍ ആയതിന്റെ ഗൌരവം മുഖത്തു നിന്നു മായാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവെച്ചിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. ആദ്യദിവസം തന്നെ തിളങ്ങാനൊത്താല്‍ ഭാവിയിലേക്കത് മുതല്‍ക്കൂട്ടാവുമെന്നറിയാവുന്ന കമല ചാന്‍സുകിട്ടാന്‍ തക്കം പാര്‍ത്ത് കാ‍ത്തിരുന്നു. എന്നാല്‍ , ഹനുമല്‍‍ സേവയുള്ള കമലയ്ക്കൊത്തതൊന്നും ഗൈനക്കോളജി .പി.യില്‍ തരമായില്ല. കോട്ടുവായിട്ടും, കോട്ടിന്റെ പോക്കറ്റില്‍ കാണാതെപോയതെന്തോ തെരയുന്ന പോലെ കാണിച്ചും, ആരുവിളിച്ചാലും ഇടക്കിടെ ചായകുടിക്കാനിറങ്ങിയും കമല നേരം കൂട്ടി. പക്ഷേ, മണ്ടയ്ക്കു വീഴാനുള്ളതു മുണ്ടക്കയത്തു ചെന്നാലും മേട്ടമായിട്ടെങ്കിലും കിട്ടുമെന്നു പറഞ്ഞപോലെ, ഒരുമണിയടുപ്പിച്ച് ഒരു സംഭവമുണ്ടായി.

കാന്റീനിലെ സമോവറിലെ അവസാനത്തെ തുള്ളിയും ഊറ്റിക്കുടിച്ച് അറ്റന്‍ഡന്‍സ് പറയാന്‍ ചെന്ന കമല കാണുന്നത്‌ ഒരു മേശക്കു ചുറ്റും പീ.ജി.യുടെ കൂടെ പിള്ളേര്‍ തിക്കിത്തിര്ക്കുന്നതാണ്‌. തിളയ്ക്കുന്ന സാമ്പാറില്‍ വീണ മോതിരമെടുക്കാനെന്ന മട്ടില്‍ തുഴഞ്ഞു നോക്കുന്നതല്ലാതെ ഒരുത്തനും അടുക്കുന്നില്ല. ഇന്ററെസ്റ്റില്ലാതെ കമല തിരിഞ്ഞു നില്‍ക്കാന്‍ തുടങ്ങുമ്പോഴാണ്‌ വിളറിയ ശബ്ദത്തില്‍ ' പതാ നഹീ, ഡോക്ടര്‍ സാബ്' എന്നൊരു അശരീരി മുഴങ്ങുന്നത്. അപ്പോള്‍ അതാണു കാര്യം. പൊതിക്കാത്ത തേങ്ങ ഗുജറാത്തിലെ വെള്ളപ്പൊക്കത്തിലാണു വന്നിരിക്കുന്നതെന്നു കമലയ്ക്കു മനസ്സിലായി.

അനുഭാവപൂര്‍‌വം മുന്നോട്ടു ചെന്ന കമല കാണുന്നത് രണ്ട് ഈര്‍ക്കിലികള്‍ക്കിടയില്‍ ചെറുനാരങ്ങ കെട്ടിവച്ചിരിക്കുന്നതു പോലെ നിന്നു പരുങ്ങുന്ന ഒരു കോലത്തെയാണ്‌. പട്ടിണി കിടന്നതു കാരണം ഉണ്ടക്കണ്ണുകളും വയറും മാത്രമേ മുഴച്ചു കാണാവൂ. മാസമടുത്തപ്പോള്‍ ആരോ ബസ്സില്‍ കയറ്റി മെഡിക്കല്‍ കോളേജിലെത്തിച്ചതാണ്‌. ഭാഷയറിയാത്തതു കാരണം നിന്നു കുഴങ്ങുകയാണു ടി പ്രതിയും വക്കാലത്തുകാരും. കമലയ്ക്കു ചിരി വന്നു. ഫോറം പൂരിപ്പിക്കേണ്ട ഫസ്റ്റ് ഇയര്‍ പീ.ജി.യും ഫൈനല്‍ ഇയര്‍ കിടാങ്ങളും എങ്ങനെയൊക്കെ ചോദിച്ചിട്ടും മാസമുറയുടെ തീയതിയോ മാസക്കണക്കോ കിട്ടുന്നതുമില്ല.

ഇവരെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ശരിക്കു നിശ്ചയമുള്ള കമല നെഞ്ചുവിരിച്ച് മുന്നോട്ടു ചെന്നു. ഇവനിതെന്താണു ഭാവിച്ചിരിക്കുന്നതെന്നറിയാതെ ഡോക്ടര്‍മാരും ഇനിയേതു കശ്മലന്‍ എന്നു പെണ്‍കിടാവും വിചാരിക്കേ, സൌമ്യമായി കമല ഉവാച:

'ബെഹന്‍ജീ, ബോലിയേ,
ഉസ് മഹീനാ കിസ് ദിന്‍ മേം ഥാ?'


ദേഖോ, ഉസ് മഹീനാ....
കിസ് ദിന്‍ മേം ഥാ.... ഊം.. ഊം..?'

ചോദ്യം കേട്ട പെണ്ണ്‌ വിളറി നിലത്തു വീഴുകയും കിടന്നിടത്തു തന്നെ പ്രസവിക്കുകയും ചെയ്തു. എലിക്കുഞ്ഞിനെപ്പോലെ നവജാതന്‍ കരയുമ്പോള്‍ , ഹിന്ദിക്കാരി കടുപ്പത്തില്‍ വിളിച്ചു പറഞ്ഞത് നന്ദിസൂചക ശബ്ദമായിരുന്നെന്ന് കമല പിന്നീട് അവകാശപ്പെടും, ക്ലബ്ബ്‌ അത് അനുവദിച്ചുകൊടുക്കുകയും ചെയ്യും. അനസ്തീഷ്യയും അരയ്ക്കു ഞെക്കലുമില്ലാതെ പേറെടുത്ത കമല പീ.ജി.കളുടെയിടയിലും ക്ടാങ്ങളുടെയിടയിലും പേരെടുത്തുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

9 comments:

  1. Hope here on there wont be a blogger recession....:)

    ReplyDelete
  2. Great comedy! Like father like son; Manchiyam and Hindi..what a great combination for investments! Kudos, dude! Keep up the humor!

    ReplyDelete
  3. good work kamala
    did remind me of labor room days

    ReplyDelete
  4. ശരിക്കും ചിരിച്ചു മറിഞ്ഞു. അല്പബുദ്ധികളായ ശിങ്കിടിമാരെക്കൊണ്ട് ബലേ ഭേഷ് വിളിപ്പിച്ച് പുളയുന്നവന്മാരുടെ ലോകത്ത്‌ ഇത്തരം വേറിട്ട ബ്ലോഗുകള്‍ നല്ലതു തന്നെ!

    ReplyDelete
  5. ലിസ, കെടി, വജ്രേഷ്, അനോണിം, മരമൊണ്ണ...
    നന്ദിയും, നല്ലവാക്കുകള്‍ക്ക് കടപ്പാടും.

    ReplyDelete
  6. ഇടവഴിയിലൂടെ തിങ്ങിഞെരിഞ്ഞോടുന്ന പാണ്ടിലോറിയില്‍ കമ്യൂണിസ്റ്റ് പച്ചയും ശീമക്കൊന്നയും പറ്റിപ്പിടിക്കുന്നപോലെ കുറച്ചു വാക്കുകള്‍ പഠിച്ചുവെന്നല്ലാതെ ശര്‍മ്മയുടെ മലയാളം കൊങ്ങിണിയായി എന്നു ചുരുക്കം.

    ReplyDelete
  7. ആസ്വദിചു ചിരിചു..lemon on stick appearance കലക്കി

    ReplyDelete

കമന്റുകള്‍....